സ്വകാര്യബസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം:സ്വകാര്യബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ (രാജൻ) ഭാര്യ ശോഭനകുമാരി (64) മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. ശോഭന കുമാരി കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബസ്.അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപെടുകയും ചെയ്തു. ശോഭനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെ മരിച്ചു. പരേത കുടമാളൂർ കളത്തിക്കുന്നേൽ കുടുംബാംഗം. മക്കൾ:ദീപക് (സൗദി), രൂപക് (ബജാജ് ഫിനാൻസ്, കോട്ടയം). മരുമക്കൾ:ചിഞ്ചു (സൗദി), ആശ (തൃക്കൊടിത്താനം).
ബസുകളുടെ മത്സരയോട്ടം: അപകടക്കളമായി നിരത്തുകൾ കോട്ടയം: നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. അപകടമരണങ്ങൾക്കൊപ്പം സ്വകാര്യ ബസുകളുടെ മത്സരിയോട്ടത്തെ തുടർന്നും അപകടങ്ങൾ പതിവാകുന്നു. ചൊവ്വാഴ്ച വൈകിട്ട് സംക്രാന്തിയിൽ ബസിൽ കയറും മുമ്പേ മുന്നോട്ടെടുത്തതിനെത്തുടർന്ന് വീണ് ഇതേ ബസ് കയറി വീട്ടമ്മ മരിച്ചതാണ് അവസാനത്തെ സംഭവം. എം.സി റോഡ്, കെ.കെ റോഡ്, മെഡിക്കൽ കോളേജ് എറണാകുളം റോഡ്, കോട്ടയം പാലാ എന്നിവിടങ്ങളിലെല്ലാം സ്വകാര്യ ബസുകൾ ചീറിപ്പായുകയാണ്. ധൃതിയും അശ്രദ്ധയും നഗരത്തിലും പ്രധാന കവലകളിലും തിരക്കേറി ഗതാഗതക്കുരുക്കുണ്ടായാൽ ബസുകളുടെ മത്സരയോട്ടം വർദ്ധിക്കും. ഓരോ സ്റ്റോപ്പിൽ നിന്നും കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനായി പായുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്. മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ റൂട്ടുകളിൽ ഇങ്ങനെ അപകടം പതിവാണ്. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലുൾപ്പെടെ കൃത്യസമയത്ത് കയറിയില്ലെങ്കിൽ അടുത്ത ബസ് ഇടംപിടിക്കുമെന്നതിനാൽ വേഗത്തിൽ പായുകയാണ്. ഒരു വിഭാഗം ജീവനക്കാരുടെ മോശം പെരുമാറ്റവും അശ്രദ്ധമായി യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനെതിരേയും പരാതികൾ ഉയരുന്നുണ്ട്. ഹൈഡ്രോളിക് വാതിൽ വന്നതിനൊപ്പം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഭൂരിഭാഗം ബസുകളും പോർട്ടർമാരെ ഒഴിവാക്കി. ഇതോടെ, യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം കണ്ടക്ടർമാരുടെ ചുമതലായി. തിരക്കേറുമ്പോൾ, പലപ്പോഴും വാതിലിലേക്ക് നോക്കുക പോലും ചെയ്യാതെ കണ്ടക്ടർ ബെല്ലടിക്കും.
നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരമദ്ധ്യത്തിൽ നിശ്ചിത വേഗതയിൽ പോകണമെന്ന നിയമങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് ബസുകൾ പായുന്നത്. സമയ ക്രമം പാലിക്കുന്നതിനായി സ്വകാര്യ ബസുകളും ട്രാൻസ്പോർട്ട് ബസുകളും മത്സരയോട്ടവും പതിവാണ്. റോഡിൽ തിരക്കുള്ളപ്പോൾ കോട്ടയത്ത് സമയം ലാഭിക്കാൻ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിൽ കയറാതെ കളക്ട്രേറ്റ് വഴി തിരിഞ്ഞ് നാഗമ്പടത്തേയ്ക്ക് എത്തുന്നത് യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. മാർക്കറ്റ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ലോഗോസ് ജംഗ്ഷനിൽ നിന്നും അടുത്ത ബസ് കയറുകയോ ഓട്ടോറിക്ഷയേയോ ആശ്രയിക്കണം. ബസുകൾ സ്റ്റോപ്പിൽ നിർത്താതെ, മാറ്റി നിർത്തുന്നതും സ്ഥിരമാണ്. സ്കൂൾ തുറക്കുന്ന സമയങ്ങളിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ഇത് പതിവാണ്.