യു.എസിനെ കാക്കാൻ 'ഗോൾഡൻ ഡോം"

Thursday 22 May 2025 6:53 AM IST

വാഷിംഗ്ടൺ: ശത്രുക്കളിൽ നിന്ന് അമേരിക്കയ്ക്ക് മീതെ സുരക്ഷാ കവചം തീർക്കാൻ 'ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ സംവിധാന പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോമിന്റെ മാതൃകയിലുള്ള ഗോൾഡൻ ഡോമിനെ ലോകത്തെ ഏറ്റവും മികച്ചതായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

ഗോൾഡൻ ഡോമിനായുള്ള ഡിസൈൻ ട്രംപ് തിരഞ്ഞെടുത്തു. തന്റെ പ്രസിഡൻഷ്യൽ കാലാവധി തീരും മുന്നേ ഗോൾഡൻ ഡോം പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 175 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേ സമയം, ഇത്രയും വലിയ ഭൂപ്രദേശത്തിനുള്ള സമഗ്രമായ പ്രതിരോധ സംവിധാനമാകാൻ ഗോൾഡൻ ഡോമിന് കഴിയുമോ എന്ന് സംശയം ഉയരുന്നുണ്ട്.

# ശത്രു ബഹിരാകാശത്ത് നിന്ന് വന്നാലും....

 ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് മിസൈലുകളെ തടയും

 ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണികൾ മുന്നിൽ കണ്ട് രൂപകല്പന (പ്രത്യേകിച്ച് റഷ്യൻ, ചൈനീസ് ആയുധങ്ങളെ നിഷ്പ്രഭമാക്കാൻ)

 കര, കടൽ, ബഹിരാകാശം എന്നിവ വഴിയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളും

 ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉണ്ടാകും

 ലോകത്തിന്റെ ഏതു കോണിൽ നിന്നോ ബഹിരാകാശത്ത് നിന്നോ വരുന്ന മിസൈലുകളെ തടുക്കുമെന്ന് വാദം

 പദ്ധതിയുടെ മേൽനോട്ട ചുമതല യു.എസ് സ്പേസ് ഫോഴ്സ് ജനറൽ മൈക്കൽ ഗോട്ട്ലിന്