ഇന്റർനാഷണൽ ബുക്കറിൽ ഇന്ത്യൻ തിളക്കമായി ബാനു മുഷ്‌താഖ്

Thursday 22 May 2025 7:05 AM IST

ലണ്ടൻ : ആഗോള വേദിയിൽ ഇന്ത്യൻ പ്രാദേശിക ഭാഷാ സാഹിത്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കന്നഡ എഴുത്തുകാരി ബാനു മുഷ്‌താഖ്. ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് അർഹമായ ബാനുവിന്റെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാംപ്" 33 വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ്. 1990 - 2023 കാലയളവിൽ ബാനു എഴുതിയ മുസ്ലിം, ദളിത് സ്ത്രീകളെ ആസ്പദമാക്കിയുള്ള 12 ചെറുകഥകളാണ് ഹാർട്ട് ലാംപിലുള്ളത്.

ദീപ ബസ്തി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഹാർട്ട് ലാംപ് (കന്നഡയിലെ പേര് ഹൃദയ ദീപ) പെൻഗ്വിൻ റാൻഡം ഹൗസാണ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചത്. സമ്മാനത്തുകയായ 50,000 പൗണ്ട് (57,56,000 രൂപ) ബാനുവും ദീപയും പങ്കിടും. ആദ്യമായാണ് ഒരു കന്നഡ കൃതി ഇന്റർനാഷണൽ ബുക്കറിന് അർഹമായത്. ഇന്റർനാഷണൽ ബുക്കർ നേടുന്ന ആദ്യ ചെറുകഥാ സമാഹാരവും ഹാർട്ട് ലാംപ് ആണ്. ഇന്റർനാഷണൽ ബുക്കർ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ബാനു.

2022ൽ ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലായ `രേത് സമാധി' ഈ നേട്ടം കൈവരിച്ചിരുന്നു. യു.എസ് വംശജ ഡെയ്സി റോക്ക്‌വെല്ലാണ് `ടോംബ് ഒഫ് സാൻഡ് ' എന്ന പേരിൽ നോവൽ പരിഭാഷപ്പെടുത്തിയത്. ഹാസൻ സ്വദേശിയായ ബാനു അഭിഭാഷകയും മാദ്ധ്യമ പ്രവർത്തകയുമാണ്. കവയിത്രി,​ നോവലിസ്റ്റ്,​ ആക്ടിവിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധനേടി.

ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന രചനകളാണ് ഇന്റർനാഷണൽ ബുക്കറിന് പരിഗണിക്കുന്നത്. വിഖ്യാതമായ ' ബുക്കർ' സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം.