സ്വർണം പോലെ ഫ്രഞ്ച് ഫ്രൈസ്
ലോസ്ആഞ്ചലസ് : എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ലോകത്തെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് ഏതാണെന്ന് അറിയാമോ ? ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫ്രഞ്ച് ഫ്രൈസ് എന്ന ഗിന്നസ് ലോക റെക്കാഡ് ന്യൂയോർക്ക് സിറ്റിയിലെ സെറൻഡിപിറ്റി 3 എന്ന കഫേയിലെ ഒരു കിടിലൻ ചീസി ഫ്രഞ്ച് ഫ്രൈസിനാണ്. ഒരു പ്ലേറ്റിന് 200 ഡോളർ ( 15,250രൂപ ) ആണ് ഇതിന്റെ വില. ! ' ക്രീം ഡി ലാ ക്രീം പോം ഫ്രീറ്റ് " എന്നാണ് ഇതിന്റെ പേര്. സവിശേഷ ഉരുളക്കിഴങ്ങുകളാൽ തയാറാക്കുന്ന ഈ ഫ്രഞ്ച് ഫ്രൈസിൽ ഷാംപെയ്നും ഇറ്റലിയിൽ നിന്നുള്ള അപൂർവയിനം കൂണുകളും ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും ചേർക്കുമെന്നതാണ് പ്രത്യേകത.
അതേ സമയം, വിലകൂടിയ ഭക്ഷണ പദാർത്ഥങ്ങളുടെ പേരിൽ ഇതാദ്യമായല്ല സെറൻഡിപിറ്റി 3 റെസ്റ്റോറന്റ് റെക്കാഡുകളിൽ ഇടംനേടുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ മിൽക്ക് ഷേക്ക്, ഡെസേർട്ട്, സാൻവിച്ച് എന്നിവയും ഇവിടെ ലഭിക്കും.