കാനിൽ ചർച്ചയായി 'മോദി നെക്ലസ്", മോഡലിന് വിമർശനം
പാരീസ്: 78-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള നെക്ലസ് ധരിച്ചെത്തിയ മോഡലും നടിയുമായ രുചി ഗുജ്ജാറിനെ വിമർശിച്ച് സോഷ്യൽ മീഡിയ. നെക്ലസ് മോദിയോടുള്ള ആദരമാണെന്നും ലോകവേദിയിലെ ഇന്ത്യയുടെ ഉയർച്ചയെ പ്രതിനിധീകരിക്കുന്നെന്നും രുചി പറയുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തിൽ പൊതുഇടത്തിൽ പ്രദർശിപ്പിച്ചത് ശരിയായില്ലെന്നും രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രുചിയുടേത് വൈറലാവാനുള്ള ശ്രമമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ട്രോളുകളും വ്യാപകമായി. ഇതിനിടെ രാജസ്ഥാനി വെഡ്ഡിംഗ് ലുക്കിലുള്ള രുചിയുടെ വസ്ത്ര, ആഭരണ തിരഞ്ഞെടുപ്പുകളെ അഭിനന്ദിക്കുന്നവരുമുണ്ട്. രൂപ ശർമ ഡിസൈൻ ചെയ്ത സ്വർണ നിറത്തിലെ ലെഹങ്കയാണ് രുചി അണിഞ്ഞിരുന്നത്. മുൻ മിസ് ഹരിയാനയായ രുചി ആദ്യമായാണ് കാനിൽ പങ്കെടുക്കുന്നത്. ഈമാസം 13ന് തുടങ്ങിയ ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവലിന് 24ന് കൊടിയിറങ്ങും.