'നാലര വയസുകാരി പലതവണ പീഡനത്തിനിരയായി, ചോദ്യം ചെയ്തതോടെ പിതൃസഹോദരൻ പൊട്ടിക്കരഞ്ഞു; വഴിത്തിരിവായത് മൃതദേഹത്തിലെ പാടുകൾ'

Thursday 22 May 2025 7:42 AM IST

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. ഇന്നലെ പൊലീസിന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുളളത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയത്. ഇതിനുപിന്നാലെ പുത്തൻകുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ കുട്ടിയുടെ പിതൃസഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനുശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. എസ്‌പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃസഹോദരൻ പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ബാലനീതി, പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലര വയസുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.