ജമ്മു കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ, സുരക്ഷാസേന രണ്ടുപേരെ വധിച്ചു; ജവാന് വീരമൃത്യു

Thursday 22 May 2025 5:45 PM IST

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. കിഷ്‌ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്‌പോറ പ്രദേശത്താണ് സംഭവം. രാവിലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

നാല്‌ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതിനിടയിൽ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഇതിനുപിന്നാലെയാണ് രണ്ട് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം,​ ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാരികമായി പ്രതികരിച്ചിരുന്നു.'ഭീകരർ മതം നോക്കി പഹൽഗാമിൽ നിരപരാധികളെ കൊന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ 22 മിനിട്ടിൽ ഇന്ത്യ അതിന് മറുപടി നൽകി. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. സിന്ദൂരം മായ്‌ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് കാണിച്ച് കൊടുത്തു. സിന്ദൂരം മായ്‌ച്ചവരെ മണ്ണിൽ ലയിപ്പിച്ചു. ചിലർ കരുതി നമ്മൾ മിണ്ടാതിരിക്കുമെന്ന്. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി. നീതിയുടെ പുതിയ സ്വരൂപമാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരതയ്‌ക്ക് നമ്മൾ മറുപടി നൽകി. അണുബോംബിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ ഇന്ത്യ തുറന്നുകാട്ടും.'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.