കാൻസ് പ്രഭയിൽ തിയേറ്റർ ട്രെയിലർ പ്രകാശനം

Friday 23 May 2025 4:39 AM IST

സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയിലർ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ സുധീർ മിശ്രയാണ് പ്രകാശനം നിർവഹിച്ചത്. ഇന്ത്യൻ-ജർമൻ ഫിലിം വീക്ക് ഫെസ്റ്റിവൽ ഡയറക്ടർ സ്റ്റീഫൻ ഓട്ടൻബ്രുക് മുഖ്യാതിഥിയായി. സംവിധായകൻ ഡോ. ബിജു ദാമോദരൻ, നടൻ പ്രകാശ് ബാരെ, അഭിനേത്രി ഛായ കദം, ട്രാൻസ് മീഡിയ കൺസൽട്ടന്റ് എം.എൻ. ഗുജർ, കൂടാതെ ഇന്ത്യ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ട്രെയിലറിനു കാൻസിലെത്തിയ അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. റിമ കല്ലിംഗലും സരസ ബാലുശ്ശേരിയും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവഹിക്കുന്നു, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും സംഗീത സംവിധാനം സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം, മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). .