വിജയ് സേതുപതിയുടെ വെബ് സീരിസിൽ ഇർഷാദ്
വിജയ് സേതുപതി നായകനാവുന്ന ആദ്യ വെബ് സീരിസിൽ ഇർഷാദ് അലി. വിജയ് സേതുപതി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സീരിസ് ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബി. അജിത് കുമാർ സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം മിലിന്ദ് സോമൻ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രദ്ധേയ കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠൻ (കാക്കമുട്ടൈ) സംവിധാനം ചെയ്യാൻ നിശ്ചയിച്ച സീരിസാണിത്. ക്രിയേറ്റ് ഹെഡായി മണികണ്ഠൻ പ്രവർത്തിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴിൽ ഒരുങ്ങുന്ന വെബ് സീരിസിന് കേരളവുമായി ബന്ധമുണ്ട്. ഹോട് സ്റ്റാറിൽ ആണ് സ്ട്രീമിംഗ്. ഇതാദ്യമായാണ് മക്കൾ സെൽവൻ വെബ് സീരിസിൽ അഭിനയിക്കുന്നത്. പ്രശസ്ത ചിത്രസംയോജകനാണ് ബി. അജിത്‌കുമാർ. 2007-ൽ നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിനും ദേശീയ അംഗീകാരവും 2002ൽ നിഴൽകൂത്ത്, ഭാവം, 2013ൽ അന്നയും റസൂലും 2017ൽ കമ്മട്ടിപാടം എന്നീ ചിത്രങ്ങളും മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അംഗീകാരവും നേടിക്കൊടുത്തു. ഷെയ്‌ൻ നിഗം, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഈട എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ചിത്രത്തിന്റെ തിരക്കഥയും അജിത്‌കുമാർ ആണ് എഴുതിയത്. ചോരച്ചൂടുള്ള കണ്ണൂരിന്റെ പ്രണയകഥ പറഞ്ഞ ചിത്രം മികച്ച പ്രമേയം കൊണ്ടുതന്നെ ശ്രദ്ധയാകർഷിച്ചു.
കിസ്‌മത്ത്, പദ്മിനി, മൂത്തോൻ, തുറമുഖം, കുറ്റവും ശിക്ഷയും, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിച്ചു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. ഔസേപ്പച്ചന്റെ ഒസ്യത്ത് ആണ് ഒടുവിൽ എഡിറ്റിംഗ് നിർവഹിച്ച ചിത്രം.