ഗോഡൗണിൽ സൂക്ഷിച്ച 15000 കിലോ റേഷനരി പിടികൂടി

Friday 23 May 2025 1:48 AM IST

പാറശാല: പാറശാല കുഴിഞ്ഞാൻവിളയിൽ അനധികൃതമായി ഗോഡൗണിൽ സൂക്ഷിച്ച 15000 കിലോ (310 ചാക്ക്) റേഷനരി പൊതുവിതരണ വകുപ്പും പൊലീസും ചേർന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഗോഡൗൺ വാടകയ്ക്കെടുത്ത് നടത്തുകയായിരുന്ന ഇഞ്ചിവിള സ്വദേശി ഹലീമിനെയും, ഇയാളുടെ സഹായി ഷാജിയും പൊലീസ് പിടികൂടി. റേഷനരി കടത്താൻ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പതിപ്പിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഴിഞ്ഞാൻവിളയിലെ മാടവിളയിൽ പ്രവർത്തിക്കുന്ന എസ്.എഫ്.കെ സീഫുഡ് ഗോഡൗണിൽ നിന്നാണ് അരിപിടിച്ചെടുത്തത്. അരി കടത്താൻ ഉപയോഗിച്ചിരുന്ന കാറും വ്യാജ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെത്തി.ഇവ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പാറശാല പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇത് മോഷണ വാഹനമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത അരി പൊതുവിതരണ വകുപ്പ് വിജിലൻസിന് കൈമാറി.