പോത്ത് ചത്തത് പേവിഷബാധമൂലമെന്ന് സംശയം: പരിചാരകർക്ക് കുത്തിവെപ്പ്  നല്കി 

Friday 23 May 2025 12:53 AM IST

കട്ടപ്പന :പോത്ത് ചത്തത് പേവിഷബാധമൂലമെന്ന് സംശയത്തെ തുടർന്ന് പരിചാരകർക്ക് കുത്തിവെപ്പ് നല്കി. ആലടി കാഞ്ഞിരത്തിങ്കൽ കൃഷ്ണൻകുട്ടി വളർത്തിയിരുന്ന പോത്താണ് ചത്തത്. പേവിഷബാധയാണ് കാരണമെന്ന് സംശയിക്കുന്നതായി വെറ്റിനറി സർജൻ ഡോ. റോസ് മേരി മാത്യൂ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം പോത്തിനെ പരിചരിച്ചിരുന്ന ഏഴു പേർക്ക് അയ്യപ്പൻകോവിൽ സർക്കാർ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നൽകി.പോത്തിനെ പരിചരിച്ചിരുന്ന കൃഷ്ണൻ കുട്ടിയും , കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമുൾപ്പെടെ ഏഴു പേരാണ് പ്രതിരോധ കുത്തി വയ്‌പ്പെടുത്തത്. ഇന്നലെ രാവിലെയാണ് പോത്തിന് അസ്വസ്ഥത കണ്ടുതുടങ്ങിയത്. ഉടൻ തന്നെ മാട്ടുക്കട്ട , ഉപ്പുതറ മുഗാശുപത്രികളിൽ ചെന്നെങ്കിലും ഒരിടത്തും ഡോക്ടർമാർ ഉണ്ടായിരുന്നില്ല.പിന്നീട് കൽത്തൊട്ടിയിൽ നിന്നും ഡോക്ടറെ എത്തിച്ച് കുത്തിവയ്‌പെടുത്തു. അൽപനേരത്തിന് ശേഷം പോത്ത് ചത്തു. ഒരു വർഷം മുൻപ് 40,000 രൂപയ്ക്ക് തൊടുപുഴയിൽ നിന്ന് വാങ്ങിയ രണ്ടു വയസ് പ്രായമുള്ള പോത്താണ് ചത്തത്.