പണം അടയ്ക്കാൻ സ്വന്തം ക്യൂ.ആർ കോഡ്: ജീവനക്കാരി തട്ടിയെടുത്തത് 11 ലക്ഷം
Friday 23 May 2025 12:54 AM IST
കട്ടപ്പന: നഗരത്തിലെ സ്വകാര്യ ടയർ ഷോപ്പിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന അമ്പലക്കവല സ്വദേശിനി ശാലിനി മോഹൻ നായർ (35) നെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. പണം അടയ്ക്കാൻ സ്വന്തം ക്യൂ.ആർ കോഡ് നൽകിയായിരുന്നു തട്ടിപ്പ്. നഗരത്തിലെ ബാസിൽ ടെയേഴ്സിൽ നിന്നും 11.23 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. സ്ഥാപനത്തിലെ ബില്ലിങ് ആൻഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സാമ്പത്തിക വർഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ സ്ഥാപനത്തിലെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാരിയെ റിമാൻഡ് ചെയ്തു.