കുട്ടികളുടെ മുങ്ങിമരണം: കണ്ണീർ തോരാതെ മാണിക്കോത്ത്
കാഞ്ഞങ്ങാട്: കുട്ടികളുടെ അപകട മരണം മാണിക്കോത്തിന്റെ കണ്ണീരിലാഴ്ത്തി. ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് മോചിതരാകാൻ കഴിയാതെ രാത്രിയിലും കുട്ടികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിക്ക് മുന്നിൽ ആളുകൾ തടിച്ചു കൂടുകയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് എത്തിയാണ് രാത്രി എട്ടരയോടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്. അപകട വിവരമറിഞ്ഞ് മാണിക്കോത്ത് പള്ളികുളത്തിന് അടുത്തേക്ക് പാഞ്ഞെത്തിയ നാട്ടുകാരും പൊലീസും അഗ്നി രക്ഷാ സേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ധർ വെള്ളത്തിൽ മുങ്ങിയ അഫാസ്, ആസിം, അൻവർ എന്നിവരെ വാരിയെടുത്ത് കരക്ക് എത്തിച്ചു .മൂന്ന് പേരെയും കയറ്റി വാഹനങ്ങൾ ആശുപത്രിയിലേക്ക് ചീറി പാഞ്ഞുവെങ്കിലും അൻവറും അഫാസും വിട്ടു പോയിരുന്നു. ഗുരുതരമായ നിലയിൽ ഹാഷിഫിനെ മംഗ്ളുരു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാലക്കീൽ പഴയ പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഇന്നലെ വൈകുന്നേരം നാലര മണിക്കാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം ഒത്തുകൂടിയ കളിക്കൂട്ടുകാർ ഒരുമിച്ചാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്.