വനത്തിലേക്ക് പോകാൻ കൂട്ടാക്കാതെ മണലി മേഖലയിൽ പരിക്കേറ്റ ആന

Friday 23 May 2025 2:47 AM IST

വിതുര: വിതുര പഞ്ചായത്തിലെ മണലി - ചെറുമണലി മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ നൽകിയെങ്കിലും വനത്തിനുള്ളിലേക്ക് മടങ്ങുന്നില്ല. മയക്കുവെടിവച്ച ഭാഗത്തിനടുത്തുതന്നെ ആന ഇന്നലെയും നിലയുറപ്പിച്ചിരിക്കുകയാണ്.

വനപാലകരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകിയത്. ആനയുടെ പിൻഭാഗത്ത് നല്ല പരിക്കുണ്ട്. ഇതാണ് വനത്തിലേക്ക് പോകാൻ കൂട്ടാക്കാത്തതിന് കാരണം. ആനയെ ഒരാഴ്ച നിരീക്ഷിച്ചശേഷം വനത്തിലേക്ക് തിരിച്ചുവിടാനാണ് തീരുമാനമെന്നും,ആന ആരോഗ്യവാനാണെന്നും ഡി.എഫ്.ഒ ഷാനവാസ് പറഞ്ഞു.

അതേസമയം വനത്തിലേക്ക് മടങ്ങിപ്പോകാൻ കൂട്ടാക്കാത്ത സ്ഥിതിക്ക്, ആനയെ കോട്ടൂർ ആന പരിപാലനകേന്ദ്രത്തിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ നൽകണമെന്നാണ് മണലി നിവാസികൾ ആവശ്യപ്പെടുന്നത്.

ആന ഇവിടെ നിലയുറപ്പിച്ചതുമൂലം നാട്ടുകാർ ഭീതിയിലാണ്.

പേപ്പാറ ഒരുപറയിൽ കാട്ടാനക്കൂട്ടമിറങ്ങി

വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിലെ ഒരുപറ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടമിറങ്ങി മണിക്കൂറുകളോളം ഭീതിയും, നാശവും വിതച്ചു. ഒരുപറ കാർത്തികാഭവനിൽ വി.രവീന്ദ്രൻകാണിയുടെ വിളയിലെ വാഴ, മരച്ചീനി,തെങ്ങിൻതൈകൾ എന്നിവ നശിപ്പിച്ചു.ഒരുലക്ഷത്തിൽപരം രൂപയുടെ നഷ്ടമുള്ളതായി പറയുന്നു.പേപ്പാറ കല്ലുപാറ വനമേഖലയിൽനിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. പൊടിയക്കാല,പട്ടൻകുളിച്ചപാറ,മേമല,മാങ്കാല,കുട്ടപ്പാറ മേഖലകളിലും കാട്ടനക്കൂട്ടമിറങ്ങി കൃഷിനാശം വിതച്ചിരുന്നു.