ഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ !

Friday 23 May 2025 2:54 AM IST

ആലപ്പുഴ: ഞങ്ങളെ ആഭിനന്ദിക്കാൻ ആരുടെയും സഹായം ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ഒരുകൂട്ടം വിദ്യാർത്ഥികൾ. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കിട്ടാത്തതിനാൽ ആരും തങ്ങളുടെ ഫ്ലക്സ് വയ്ക്കാത്തതിന്റെ വിഷമം ഒടുവിൽ അവർ തന്നെ തീർത്തു. അഞ്ചംഗ സംഘം സ്വന്തമായി ഒരുഅടിപൊളി ഫ്ലക്‌സ് വച്ചു.

മാവേലിക്കര കൊയ്പള്ളികാരാഴ്മ വി.എസ്.എസ്.എച്ച്.എസിലെ എസ്.ആദിശ്കുമാർ, ആർ.ആദിത്യൻ, എ.അഭിമന്യു, എം.ശ്രാവൺ, ആദിൽകൃഷ്ണ എന്നിവരാണ് സ്വന്തം സ്കൂളിന് സമീപം വച്ച ഫ്ലക്‌സിൽ ഇടംപിടിച്ചത്.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ എന്നതാണ് ഫ്ലക്‌സിലെ തലക്കെട്ട്. ആരും അഭിനന്ദിക്കാനില്ലാത്തപ്പോൾ ഞങ്ങളെങ്കിലും ഞങ്ങളെ അഭിനന്ദിക്കണമല്ലോ എന്ന ചിന്തയാണ് ഈ ഐഡിയയ്ക്ക് പിന്നിൽ. രണ്ട് മുതൽ 9 എപ്ലസ് വരെ നേടിയവർ ഇക്കൂട്ടത്തിലുണ്ട്. അഞ്ചുപേരും ഹയർസെക്കൻഡറിയിലേക്ക് അപക്ഷേ നൽകിയിട്ടുണ്ട്. സയൻസ് സ്ട്രീം എടുത്ത് പഠിക്കാനാണ് എല്ലാവ‌ർക്കും താത്പര്യം.