അയൽ വീട്ടിലെ ആറേമുക്കാൽ പവൻ കവർന്ന യുവതി കീഴടങ്ങി

Friday 23 May 2025 2:04 AM IST

അരൂർ : അയൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറേമുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടി പ്രതി,​ പിടിയിലാകുമെന്നറിഞ്ഞതോടെ കോടതിയിൽ കീഴടങ്ങി. ചന്തിരൂർ പട്ടരുവെളിയിൽ നസീറിന്റെ ഭാര്യ റസിയയാണ് (39) ചേർത്തല കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് അരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി, മോഷണ സ്വർണം കണ്ടെടുത്തു. അരൂർ പഞ്ചായത്ത് 13-ാം വാർഡ് വട്ടത്തറ സേവ്യറിന്റെ വീട്ടിൽ നിന്നാണ് റസിയ സ്വർണ്ണാഭരണങ്ങൾ കവർന്നത്. സേവ്യറിന്റെ ഭാര്യ റാണിയുടെ സുഹൃത്താണ് റസിയ. ഫെബ്രുവരി 10 നാണ് സേവ്യറിന്റെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. സമീപത്തെ വീട്ടിൽ കൂലിപ്പണി എടുത്തിരുന്ന സേവ്യർ വീട്ടിൽ കാപ്പി കുടിക്കാനെത്തിയപ്പോൾ റസിയ ഇറങ്ങി വരുന്നത് കണ്ടിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ,​ റാണിയെ കാണാനായിരുന്നുവെന്നായിരുന്നു റസിയയുടെ മറുപടി.

മുടങ്ങിനടന്നത് രണ്ട് മാസത്തോളം

രണ്ടു ദിവസം കഴിഞ്ഞ് റാണി അലമാര തുറന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് അരൂർ പൊലീസിൽ പരാതി നൽകി. റസിയയുടെ പേരും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ എരമല്ലൂരിലെ ഒരു ജുല്ലറിയിൽ കൊന്തയും കുരിശും രണ്ടായി പൊട്ടിയ മാലയുമായി റസിയ എത്തി. സംശയംതോന്നിയ സെയിൽസ് ഗേൾ ഇത് കുരിശുമാലയല്ലേയെന്ന് ചോദിച്ചു. ഇതേത്തുടർന്ന് റസിയ സ്വർണ്ണവുമായി ഓടിപ്പോയി. തുടർന്ന് കഴിഞ്ഞ ദിവസം

റസിയ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിനടത്തിയ അന്വേഷണത്തിൽ മോഷണമുതൽ മറ്റൊരു സ്വർണ്ണക്കടയിൽ നിന്ന് കണ്ടെടുത്തു. അരൂർ എസ്.ഐ. എസ്.ഗീതുമോളിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.