ബിഷപ്പ് ചമഞ്ഞ് തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

Friday 23 May 2025 3:06 AM IST

തിരുവനന്തപുരം: ബിഷപ്പ് ചമഞ്ഞ് മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോട്ടയം സ്വദേശി ഡേവിഡ്(57)നെ വഞ്ചിയൂർ പൊലീസ് പിടികൂടി. ബംഗളൂരുവിൽ എം.ഡി പ്രവേശനം വാങ്ങിനൽകാമെന്നു പറഞ്ഞ് വഞ്ചിയൂർ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ പരാതിയിലാണ് അറസ്റ്റ്. ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.എം.എസ് ആംഗ്ലിക്കൻ സഭയുടെ നെടുങ്കുന്നം ബിഷപ്പെന്ന പേരിലാണ് പ്രതി വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പരിചയപ്പെട്ടത്. ബിഷപ്പിന്റെ വേഷത്തിലുള്ള ചിത്രങ്ങളും മറ്റ് രേഖകളും ഇവർ കാണിക്കുകയും ചെയ്യും. ബംഗളൂരുവിൽ ബിഷപ്പ് ഹൗസ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി കോട്ടയം സ്വദേശി സാംജോണിനും(70) പൊലീസ് നോട്ടീസ് നൽകി. എട്ടു വർഷമായി ഇവർ സമാന തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കർണാടകയിലും ഇവർക്കെതിരേ കേസുണ്ട്. വഞ്ചിയൂർ എസ്.എച്ച്.ഒ എച്ച്.എസ്.ഷാനിഫിന്റെ നേതൃത്വത്തിൽ എസ്‌.ഐ അലക്‌സ്,എസ്.സി.പി.ഒ ഷാബു,സി.പി.ഒ സുബിൻ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കോട്ടയത്തു നിന്ന് പ്രതിയെ പിടികൂടിയത്.