സുപ്രീംകോടതി വിമർശനം ഇ.ഡി അതിരുകൾ ലംഘിക്കുന്നു

Friday 23 May 2025 12:15 AM IST

ന്യൂഡൽഹി: ഇ.ഡി ഫെഡറൽ തത്വങ്ങൾ മറികടന്ന് സംസ്ഥാനങ്ങളിലെ കേസുകളിൽ ഇടപെടുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ (ടാസ്‌മാക്) സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട റെയ്ഡുകൾ സൂചിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇ.ഡി അതിരുകൾ ലംഘിക്കുകയാണെന്ന് മൂന്നു തവണ പറഞ്ഞ കോടതി നടപടികൾ സ്റ്റേ ചെയ്തു.

1,000 കോടി രൂപയുടെ അഴിമതിയുണ്ടെന്നും റെയ്ഡ് അനിവാര്യമായിരുന്നെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ടാസ്‌മാക്കിലെ റെയ്ഡ് ന്യായീകരിക്കാനാകില്ല. ഇത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ്. ഇ.ഡിക്ക് മറുപടി സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം നൽകി.

ഇ.ഡി റെയ്ഡുകളെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ഇ.ഡി റെയ്ഡുകൾ നടത്തിയത്. ടാസ്‌മാക് എം.ഡിയായ എസ്. വിശാഖനെ ചോദ്യം ചെയ്‌തിരുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് കോടതി പ്രഹരമേൽപ്പിച്ചെന്ന് ഡി.എം.കെ പ്രതികരിച്ചു.