സംശയരോഗം:​ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

Friday 23 May 2025 1:17 AM IST

കുട്ടനാട്: സംശയരോഗത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്ന ഭർത്താവിനെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി പഞ്ചായത്ത് വേഴപ്രചിറയിൽ അകത്തെപറമ്പിൽ വിദ്യയെ (മതിമോൾ - 42) കൊന്ന കേസിലാണ് ഭർത്താവ് വിനോദ് പിടിയിലായത്. ബുധനാഴ്ച രാത്രി 10.30നായിരുന്നു സംഭവം. എ.സി റോഡിൽ രാമങ്കരി ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്നു വിനോദും വിദ്യയും.

കഴിഞ്ഞ ദിവസവും ചായക്കട തുറന്നിരുന്നു. തുടർന്ന് ഉച്ചയ്‌ക്ക് അടച്ചു. അതുകഴിഞ്ഞ് എസ്.എൻ.ഡി.പി യോഗം രാമങ്കരി ഏഴാം നമ്പർ ശാഖയിൽ നടന്ന ചതയദിന പ്രത്യേക പ്രാർത്ഥനാ ചടങ്ങിലും പങ്കെടുത്തിരുന്നു. വൈകിട്ട് 5.45ന് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ

ജ്യേഷ്ഠത്തിക്കും മകനുമൊപ്പം വിദ്യ പോയിരുന്നു. വരാൻ വൈകിയപ്പോൾ വിനോദ് വിദ്യയെ ഫോൺ വിളിച്ചു.

ജ്യേഷ്ഠത്തിയെയും മകനെയും വീട്ടിലെത്തിച്ചശേഷം രാത്രി 10.30ന് ഓട്ടോറിക്ഷയിൽ വിദ്യ മടങ്ങിയെത്തി. വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി വിദ്യയും വിനോദും തമ്മിൽ വാക്കുതർക്കവുമുണ്ടായി. തുടർന്ന് വിനോദ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വിദ്യയുടെ കഴുത്തിലും പുറത്തും തലയ്ക്കും കുത്തുകയായിരുന്നു. വിദ്യ തത്ക്ഷണം മരിച്ചു. മരണം ഉറപ്പാക്കിയ വിനോദ് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് രാമങ്കരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ബന്ധുക്കളും നാട്ടുകാരും രാമങ്കരി പൊലീസും ചേർന്നാണ് വിദ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം മണലാടിയിലെ വീട്ടിൽ വൈകിട്ടോടെ സംസ്കരിച്ചു. മക്കൾ: ഭഗത്, വൈഗ.