ആത്മഹത്യ പ്രേരണ കേസ് പ്രതിയെ വെറുതെ വിട്ടു
കൊല്ലം: അഞ്ചൽ അറയ്ക്കൽ തേവർ തോട്ടത്ത് തെക്കതിൽ വീട്ടിൽ മനു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ നോർത്ത് ആര്യാട് കാർത്തിക ഭവനിൽ ശരത് ചന്ദ്രനെ കോടതി വെറുതേ വിട്ടു. ശരത് ചന്ദ്രനെ പ്രതിയാക്കി അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ആർ. സുധാകാന്താണ് ഉത്തരവിട്ടത്.
2018 ജൂൺ 6 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മനു തൂങ്ങിമരിച്ച കുടുംബ വീട്ടിലെ മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാകുറുപ്പിൽ ശരത് ചന്ദ്രന്റെയും മറ്റൊരാളുടെയും പേര് എഴുതിയിരുന്നതിനെ തുടർന്നാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. എന്നാൽ ആത്മഹത്യാ കുറുപ്പിൽ പേരുണ്ടായിരുന്ന രണ്ടാമത്തെയാളെ കുറിച്ച് അന്വേഷിക്കാനോ അയാളെ കേസിൽ പ്രതിയാക്കാനോ പൊലീസ് തയ്യാറായില്ല. കടം വാങ്ങിയ പണം തിരിച്ച് കൊടുത്തില്ല എന്ന കാരണത്താലാണ് മനു ആത്മഹത്യാ കുറുപ്പിൽ പ്രതിയുടെ പേരെഴുതി വച്ചത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെറുതെ വിട്ടത്. അഭിഭാഷകരായ കൃഷ്ണദാസ് മേനോൻ, മുഖത്തല സി.ഗിരീഷ്, ബിബിൻ എസ്.ബാബു എന്നിവർ കോടതിയിൽ ഹാജരായി