2027നുള്ളിൽ 500 റെയിൽവേ സ്റ്റേഷനുകൾ കൂടി നവീകരിക്കും

Friday 23 May 2025 1:25 AM IST

ന്യൂഡൽഹി: രാജ്യമെമ്പാടും റെയിൽവേ വികസനം വേഗത്തിലാണെന്നും 2027 ആകുമ്പോഴേക്കും 500 സ്റ്റേഷനുകൾ നവീകരിക്കുന്ന ജോലി പൂർത്തിയാകുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ 103 അമൃത് ഭാരത് സ്റ്റേഷനുകൾ രാഷ്ട്രത്തിന് സമർപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

11 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേയുടെ അടിസ്ഥാന ഘടനയിൽ അഭൂതപൂർവമായ പരിഷ്കാരങ്ങൾ വരുത്തി. ഇക്കാലത്ത് 34,000 കിലോമീറ്ററിലധികം റെയിൽ ട്രാക്കുകൾ നിർമ്മിച്ചു.

റെയിൽവേ പരിഷ്കാരങ്ങളിലും പുതിയ സ്റ്റേഷനുകളുടെ നിർമ്മാണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റത്തിന്‌ തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി റെയിൽവേയിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്.

2023, 2024 വർഷങ്ങളിൽ ഒരേസമയം 1,062 സ്റ്റേഷനുകൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അതിന്റെ തുടർച്ചയാണ് 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം. പദ്ധതിയുടെ ഭാഗമായി എട്ട് മാസത്തിനുള്ളിൽ 100 ​​സ്റ്റേഷനുകൾ കൂടി ഉദ്ഘാടനത്തിന് തയ്യാറാകുമെന്നും അശ്വനി വൈഷ്‌‌ണവ് അറിയിച്ചു.