ബംഗ്ലാദേശിൽ ഡിസംബറിനകം തിരഞ്ഞെടുപ്പ് വേണം: യൂനുസിന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്
Friday 23 May 2025 6:53 AM IST
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരും സൈന്യവും തമ്മിൽ ഭിന്നത രൂക്ഷമാകുന്നെന്ന് റിപ്പോർട്ട്. ഡിസംബറിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവി ജനറൽ വാക്കർ-ഉസ്-സമൻ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിൽ സൈന്യത്തിൽ അതൃപ്തി ശക്തമായതോടെയാണ് വാക്കർ പരസ്യമായി രംഗത്തെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മാത്രമേ രാജ്യത്തിന്റെ ഭാവി നിർണയിക്കാനാകൂ എന്ന് ധാക്കയിൽ സൈനികരുടെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. അതേസമയം, സൈന്യവുമായി ഭിന്നതയില്ലെന്നാണ് സർക്കാരിന്റെ പ്രതികരണം. കഴിഞ്ഞ ആഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതോടെയാണ് യൂനുസ് അധികാരത്തിലേറിയത്.