മകൾ പീഡനത്തിനിരയായത് അറിഞ്ഞില്ല, ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി വിവരം ലഭിച്ചു; അമ്മയുടെ മൊഴി പുറത്ത്

Friday 23 May 2025 7:10 AM IST

കൊച്ചി: ആലുവയിൽ അമ്മ പുഴയിലെറിഞ്ഞുകൊന്ന നാല് വയസുകാരി അതിക്രൂര പീഡനത്തിനിരയായത് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിതമായി താത്പര്യം കാണിച്ചത് തന്നെ അസ്വസ്ഥതപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം കിട്ടിയിരുന്നു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടാക്കി. രണ്ടാനമ്മയുടെ കീഴിൽ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടെന്നും കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകിയെന്നാണ് വിവരം. പിതാവിന്റെ ഉറ്റബന്ധുവാണ് നാലരവയസുകാരിയെ പീഡനത്തിനിരയാക്കിയത്. ഒന്നരവർഷമായി പീഡനം തുടർന്നിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ 35 വയസുള്ള ഉറ്റബന്ധുവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കുട്ടിയെ പലവട്ടം പീഡിപ്പിച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

കുട്ടി മരിക്കുന്നതിനു തലേന്നാളും പീഡനത്തിന് ഇരയായി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവും ആന്തരിക രക്തസ്രാവവുമുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത കളമശേരി​ മെഡി​ക്കൽ കോളേജി​ലെ ഫോറൻസി​ക് സർജൻ പൊലീസിനെ അറിയിച്ചിരുന്നു.

പിന്നാലെ ഇയാളടക്കം പിതാവിന്റെ ഉറ്റബന്ധുക്കളായ മൂന്നുപേരെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോൺ പരിശോധിച്ചതോടെ ലൈംഗിക വൈകൃതം ഉള്ളയാളാണെന്ന് വ്യക്തമായി.

കുട്ടി മരിക്കുന്നതിന്റെ തലേദിവസം വീട്ടി​ൽ ആരൊക്കെ ഉണ്ടായി​രുന്നെന്ന് അന്വേഷിച്ചു. കോലഞ്ചേരി​ ആശുപത്രി​യി​ൽ ചികിത്സയിൽ കഴി​യുന്ന കുട്ടി​യുടെ മുത്തച്ഛനൊപ്പമായി​രുന്നു പി​താവ്. കുട്ടി​ അന്ന് ഉറങ്ങി​യത് ഇയാൾക്കൊപ്പമാണ്. തുടർന്ന് കസ്റ്റഡിയെടുത്ത് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.