ഇരിക്കുന്നവർ എഴുന്നേൽക്കാൻ വൈകിയാൽ സെറ്റിൽ നിന്ന് പറഞ്ഞുവിടുന്ന ആർട്ടിസ്റ്റുകളുണ്ട്; എന്നാൽ മോഹൻലാൽ ചെയ്തത്

Friday 23 May 2025 12:45 PM IST

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... എന്ന പാട്ട് ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാകില്ല. മോഹൻലാലിന്റെ അഗ്നിദേവൻ എന്ന ചിത്രത്തിലെ ഗാനമാണിത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആർട്ട് ഡയറക്ടറായ നേമം പുഷ്പരാജ്.

'അഗ്നിദേവൻ സിനിമയുടെ ഒരു ഭാഗമെടുത്തത് കുന്നംകുളത്ത് വച്ചായിരുന്നു. ഒരു തറവാട്ടിലാണ് ഷൂട്ടിംഗ്‌. രേവതിയുടെ വീടായിട്ടാണ് അത് ഷൂട്ട് ചെയ്തത്. സ്വാഭാവികമായും ആദ്യം അവിടെ പോയി സെറ്റ് ചെയ്യേണ്ട ചുമതല ആർട്ട് ഡയറക്ടർക്കാണ്. അങ്ങനെ നല്ല മഴയുള്ള ദിവസം ഞങ്ങൾ അവിടെ പോയി എല്ലാം സെറ്റ് ചെയ്തു. ഞങ്ങൾ കുറച്ച് പേർ ചൂരൽ ചെയറിൽ ഇരുന്നു. കുറച്ചുപേർ ആ കൈവരിയിലൊക്കെ ഇടം പിടിച്ചു.

അപ്പോഴാണ് ഒരു അംബാസിഡർ കാർ വന്ന് വീടിന്റെ പടിക്കെട്ടിനോട് ചേർത്ത് നിർത്തിയത്. നല്ല മഴയാണ്. സാധാരണയില്ലാത്തൊരു വണ്ടിയാണ്. ഡോർ തുറന്നതും പെട്ടെന്ന് മോഹൻലാൽ പുറത്തിറങ്ങി. ആ വണ്ടിയിൽ ഞങ്ങളാരും അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നില്ല. ഇതുകണ്ട് എല്ലാവരും ചാടിയെഴുന്നേറ്റു. എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങളെ നിർബന്ധിച്ച് ചെയറിൽ ഇരുത്തിയിട്ട് അദ്ദേഹം ആ കൈവരിയിലാണ് ഇരുന്നത്. എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി. ഇരിക്കുന്നവർ എഴുന്നേൽക്കാൻ വൈകിയാൽ എന്താ എഴുന്നേൽക്കാത്തതെന്ന് ചോദിച്ച് സെറ്റിൽ നിന്ന് പറഞ്ഞുവിടുന്ന പല ആർട്ടിസ്റ്റുകളുമുണ്ട്.'- അദ്ദേഹം പറഞ്ഞു.