25 വർഷം മുമ്പ് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി; ഓർമയുണ്ടോ വിനീതിന്റെ നായികയെ

Friday 23 May 2025 2:58 PM IST

25 വർഷങ്ങൾക്ക് മുമ്പ് തന്റെ കൂടെ അഭിനയിച്ച നായികയെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നടൻ വിനീത്. ഒരുകാലത്ത് ഹിറ്റ് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഈ നടി ആകെ ഒരു മലയാള സിനിമയിൽ മാത്രമേ നായികയായി വേഷമിട്ടിട്ടുള്ളു. പ്രീതി ഝാൻഗിയാനിയാണ് ഈ നടി. സോപ്പിന്റെ പരസ്യത്തിലൂടെയാണ് പ്രീതിയെ പലർക്കും അറിയാവുന്നത്.

ഒരു തെലുങ്ക് സിനിമയിൽ മുഖം കാണിച്ച ശേഷമാണ് പ്രീതി മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാളിത്തം തീരെയില്ല എന്ന ആക്ഷേപം അക്കാലത്ത് ഇവർ കേട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി മഴവില്ല് എന്ന സിനിമയിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നെഗറ്റീവ് കഥാപാത്രത്തെയാണ് വിനീത് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ പഞ്ചഗുസ്തിയുമായി മുന്നോട്ടുപോവുകയാണ് പ്രീതി. പീപ്പിൾസ് ആംറെസ്ലിങ് ഫെഡറേഷൻ ഇന്ത്യയുടെ പ്രസിഡന്റ്, ഏഷ്യൻ ആംറെസ്ലിങ് ഫെഡറേഷൻ വൈസ്-പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവമാണ് ഇവർ. മാത്രമല്ല, ഈ മേഖലയുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിന്റെ നടത്തിപ്പുകാരി കൂടിയാണ് പ്രീതി. 2017ന് ശേഷം പ്രീതി സിനിമയിൽ അഭിനയിച്ചിട്ടില്ല.

പർവിൻ ദബാസ് ആണ് പ്രീതിയുടെ ഭർത്താവ്. 2006ൽ 'വിത്ത് ലവ് തുമാരാ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് 2008ൽ വിവാഹിതരായി. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. കുടുംബത്തോടൊപ്പം ബാന്ദ്രയിലാണ് പ്രീതി താമസിക്കുന്നത്.

ഇപ്പോൾ ദുബായിൽ വച്ചാണ് പ്രീതിയെ വീണ്ടും കണ്ടുമുട്ടിയതെന്ന് വിനീത് ഫോട്ടോക്കൊപ്പം പങ്കുവച്ച ക്യാപ്‌ഷനിൽ കുറിച്ചിട്ടുണ്ട്. സിനിമയുടെചിത്രീകരണ സമയത്തെ ഓർമകളെല്ലാം വീണ്ടും മനസിലേക്കെത്തിയെന്നും വിനീത് കുറിച്ചു.