ഇനി മൈസൂർ 'പാക്ക്' ഇല്ല;​ പകരം അറിയപ്പെടാൻ പോകുന്നത് മറ്റൊരു പേരിൽ, പുതിയ തീരുമാനവുമായി വ്യാപാരികൾ

Friday 23 May 2025 3:40 PM IST

ജയ്‌പൂർ: ജമ്മുകാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്‌കളങ്കരായ 26 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇപ്പോഴും ഇന്ത്യക്കാരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ തീവ്രവാദികളാണെന്ന് മനസിലായതോടെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായ തിരിച്ചടിയും നൽകിക്കഴിഞ്ഞു. എന്നിട്ടും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പാകിസ്ഥാനോടുളള വൈരാഗ്യം പ്രകടമായി തന്നെ കാണാം. അത്തരത്തിലുളള ഒരു സംഭവമാണ് ഇപ്പോൾ ജയ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. രാജസ്ഥാനിലെ മുന്തിയ മധുരപലഹാരങ്ങൾ വിൽക്കുന്ന ത്യോഹാർ സ്വീ​റ്റ്സ് എന്ന കടയിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇവിടെയുളള ചില പലഹാരങ്ങളുടെ പേരുകളിൽ ചില മാ​റ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഉദാഹരണത്തിന് മൈസൂർ പാക്ക് പോലുളള പലഹാരങ്ങളുടെ പേരിൽ നിന്ന് 'പാക്ക്' എന്ന പദം എടുത്തുകളഞ്ഞ് പകരം മൈസൂർ ശ്രീ എന്നാക്കിയിരിക്കുകയാണ്. പരമ്പരാഗതമായി 'പാക്ക്' എന്ന പദത്തിന്റെ അർത്ഥം സമ്പന്നത എന്നായിരുന്നു.

ത്യോഹാർ സ്വീ​റ്റ്സിന്റെ നടത്തിപ്പുക്കാരിയായ അജ്ഞലി ജെയ്ൻ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി. 'രാജ്യത്തോടുളള സ്‌നേഹം അതിർത്തികളിൽ മാത്രമല്ല നിലനിൽക്കുന്നത്, ഓരോ പൗരന്റെയും മനസിലും കൂടിയാണ്. അതുകൊണ്ടാണ് ഞങ്ങൾ വിൽക്കുന്ന പലഹാരങ്ങളിൽ നിന്ന് 'പാക്ക്' എന്ന പദം മാ​റ്റി അതേ അർത്ഥം വരുന്ന മ​റ്റൊരു പദം ചേർത്തത്. മോടി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്, മൈസൂർ പാക്ക് എന്നിങ്ങനെയായിരുന്ന പലഹാരത്തിന്റെ പേരുകൾ മോടി ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെയാക്കി.

ഏ​റ്റവും കൂടുതൽ ആളുകൾ വാങ്ങിയിരുന്ന സ്വർണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നീ പലഹാരങ്ങളുടെ പേരുകൾ സ്വർണ് ശ്രീ, ചാണ്ടി ശ്രീ എന്നിങ്ങനെ മാ​റ്റി. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിരുന്നു'- അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ പല കടകളും ഇതേ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.