രാമനാമം ഇത്രതവണ ജപിക്കാനായാൽ മോക്ഷം ലഭിക്കും,​ പാപമുക്തി നേടി ശുദ്ധനാകും,​ ആചാര്യന്മാർ പറയുന്നത് ഇതാണ്

Friday 23 May 2025 3:57 PM IST

ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദേവീദേവന്മാരെയും ആരാധിക്കുന്നതിന് പ്രധാനപ്പെട്ട മൂലമന്ത്രങ്ങൾ ഉണ്ട്. നമഃശിവായ എന്നത് ശിവനെ സംബന്ധിച്ചുള്ളതാണ്.അതുപോലെ ത്രിമൂർത്തികളിൽ പ്രധാനിയായ മഹാവിഷ്‌ണുവിന്റെ പ്രധാന മൂലമന്ത്രമാണ് ഓം നമോ നാരായണായ എന്നത്. മഹാവിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ മര്യാദ പുരുഷോത്തമൻ എന്നാണ് അറിയപ്പെടുന്നത്. കാട്ടാളൻ രാമനാമം ജപിച്ചാണ് വാൽമീകി മഹർഷിയായി മാറിയത് എന്ന കഥ പ്രശസ്‌തമാണല്ലോ. മുനിമാർ പറഞ്ഞ‌തനുസരിച്ച് മരാ മരാ എന്ന് ജപിച്ചു തുടങ്ങി ഒടുവിൽ രാമ രാമ എന്ന് ജപിച്ച വാൽമീകി രാമായണ രചയിതാവായി. 24000 ശ്ളോകങ്ങളടങ്ങിയ ഏഴ് കാണ്ഡങ്ങളാണ് വാൽമീകി രാമായണത്തിലുള്ളത്.

ത്രേതായുഗവും ദ്വാപരയുഗവും കടന്ന് കലിയുഗത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇക്കാലത്ത് നാമജപമാണ് മോക്ഷത്തിന് ഉചിതമായ മാർഗം. മര്യാദാപുരുഷോത്തമനായ ശ്രീരാമദേവന്റെ നാമ രാമ..രാമ എന്ന് ജപിക്കുന്നത് മോക്ഷത്തിന് പറ്റിയ കാര്യമെന്നാണ് ആചാര്യ മതം.

ഈശ്വരനും താനും ഒന്നാണെന്ന അദ്വൈത ബോധത്തെ ഉണർത്തി തത്ത്വമസി എന്ന വേദ തത്വത്തെ മുൻനിർത്തി, ജീവിതത്തിൽ മോക്ഷം നേടാൻ രാമനാമം ജപിക്കുന്നത് നല്ലതാണ്. ശ്രീരാമ രഹസ്യോപനിഷദ് അനുസരിച്ച് 96 കോടി തവണ രാമനാമം ജപിച്ചാൽ പാപമുക്തനായി ശുദ്ധനായിത്തീരും. സംസാര സാഗരം കടന്ന്‌ ഭക്തന്‌ ഇതുവഴി മോക്ഷം ലഭിക്കും.