വീണ്ടും കൊലവിളികൾ കണ്ണൂർ കലുഷിതമാകുമോ? 

Saturday 24 May 2025 4:33 AM IST

കഴിഞ്ഞയാഴ്ച കണ്ണൂർ കടന്നുപോയത് സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ്. ചോരപുരണ്ട കണ്ണൂർ ചരിത്രം ആവർത്തിക്കപ്പെടുമോ എന്ന് ഭയന്ന നാളുകൾ. പോർവിളികളും സ്തൂപം തകർക്കലും വീടാക്രമണങ്ങളും തുടർക്കഥയായി. കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോർഡ് കീറിയതിന്റെ തുടർച്ചയായാണ് മലപ്പട്ടം, പാനൂർ, തളിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേയ് ആറിന് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡാണ് നശിപ്പിച്ചത്. ഇതിന് പകരമായി അന്ന് രാത്രി സി.പി.എം ശക്തികേന്ദ്രമായ മലപ്പട്ടം അടുവപ്പുറത്ത് ഗാന്ധിസ്തൂപം തകർത്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.ആർ. സനീഷിന്റെ വീടിനുനേരെ ആക്രമണവുമുണ്ടായി. കലക്ടറേറ്റ് മാർച്ചിനിടെ ബോർഡ് നശിപ്പിച്ച സംഘത്തിൽ സനീഷുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സനീഷിനെ ലക്ഷ്യമിട്ടത്. ഇതിൽ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയും സംഘർഷമുണ്ടായി. സ്തൂപം തകർക്കപ്പെട്ട അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അതിജീവനയാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകടനത്തിനിടെ സി.പി.എം ഓഫിസിനു നേരെ കുപ്പിയേറുണ്ടായി. ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കത്തി ഇപ്പോഴും കൈയിലുണ്ടെന്ന മുദ്രാവാക്യം സി.പി.എം കേന്ദ്രങ്ങളെ പ്രകോപിതരാക്കി. പുനർനിർമാണം നടക്കുന്ന ഗാന്ധിസ്തൂപം വീണ്ടും തകർത്തു. ധീരജിനെ കൊന്ന കത്തിയുമായി വരുന്നവർക്ക് പുഷ്പചക്രം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് തകർത്താൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അൽപം ചിന്തിക്കേണ്ടിവരുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പൊതുയോഗത്തിൽ മുന്നറിയിപ്പ് നൽകി. ധീരജിനെതിരായ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് പാനൂരിൽ എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ കെ.എസ്.യു പതാക വലിച്ചൂരി കത്തിച്ചു. അർദ്ധരാത്രിയോടെ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഇർഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. കണ്ണൂർ ടൗണിൽ എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിൽ കോൺഗ്രസിന്റേതെന്ന് കരുതി രാജീവ് കൾചറൽ ഫോറത്തിന്റെ കൊടിമരം പിഴുതെടുക്കുകയും കെ. സുധാകരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയുംചെയ്തു. ഇരുവിഭാഗവും സമൂഹമാദ്ധ്യമങ്ങളിലും പോർവിളി ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ പല പ്രദേശങ്ങളും പാർട്ടി ഗ്രാമങ്ങളായി തന്നെ നിലനിൽക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയുമാണ് പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ചെടുത്തവരിൽ പ്രമുഖർ.

ശക്തികേന്ദ്രങ്ങളിലെ തർക്കം കോൺഗ്രസ് സ്ഥാപിച്ച ഒരു സ്തൂപം തകർക്കുന്നത് ശക്തികേന്ദ്രത്തിൽ സി.പി.എം. പ്രവർത്തകരെ സംബന്ധിച്ച് രാഷ്ട്രീയമായ ശരിയാണ്. സ്തൂപത്തിലെ ഗാന്ധിയല്ല, കോൺഗ്രസ് സ്ഥാപിച്ചതാണ് പ്രശ്നം. സ്ഥാപിക്കുന്ന കോൺഗ്രസുകാർക്കും അറിയാം സ്തൂപത്തിന് അധികം ആയുസുണ്ടാകില്ലെന്ന്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ചെന്നാൽ അറിയാം ഒരു പാർട്ടിയുടെ കൊടിമാത്രമുള്ള സ്ഥലങ്ങളാണ് അതൊക്കെ. അത്തരം പ്രദേശങ്ങളിൽ മറ്റൊരു പാർട്ടിയുടെ കൊടിവന്നു എന്നറിഞ്ഞാൽ അതുണ്ടാക്കുന്ന പ്രശ്നം ചെറുതായിരിക്കില്ല. കണ്ണൂരിൽ ഭൂരിഭാഗം രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം കൊടി, സ്തൂപം സംബന്ധിച്ച് ആരംഭിക്കുന്ന തർക്കങ്ങളാണ്. മലപ്പട്ടത്ത് രണ്ടുതവണ കോൺഗ്രസിന്റെ സ്തൂപം തകർക്കപ്പെട്ടു. ഇതിനുശേഷമാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇവിടെ പദയാത്ര നടത്തിയത്. അതും സംഘർഷം വർദ്ധിപ്പിച്ചു. ഇനി അവിടെയൊരു സ്തൂപം നിർമ്മിക്കാൻ മെനക്കെടേണ്ട എന്നതാണ് സി.പി.എം. ജില്ലാ നേതാവിന്റെ അന്ത്യ ശാസനം.

മലപ്പട്ടം എന്ന ചെങ്കോട്ട പഞ്ചായത്ത് രൂപീകരിച്ച ശേഷം സി.പി.എം അല്ലാതെ മറ്റാരും മലപ്പട്ടം പഞ്ചായത്തിൽ ഭരണം നടത്തിയിട്ടില്ല. സി.പി.എമ്മിനെതിരെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക എന്നതു പോലും എതിരാളികൾക്ക് വലിയ വെല്ലുവിളിയാണ്. സി.പി.എമ്മിന്റെ അപ്രമാദിത്വം തുടരുന്ന ഗ്രാമപഞ്ചായത്ത്. ആ മലപ്പട്ടത്താണ് കോൺഗ്രസ് കഴിഞ്ഞദിവസം ജനാധിപത്യ അതിജീവന പദയാത്ര സംഘടിപ്പിച്ചതും അത് സംഘർഷത്തിലേക്ക് വഴിമാറിയതും. പാർട്ടി ഗ്രാമത്തിലൂടെയുള്ള കോൺഗ്രസിന്റെ പദയാത്ര ഏതുസമയത്തും പൊട്ടിത്തെറിയിലേക്ക് മാറുമെന്ന് പൊലീസിനടക്കം സൂചനയുണ്ടായിരുന്നു. വൈകിട്ട് തുടങ്ങിയ തെരുവുയുദ്ധം നേതാക്കളുടെയും പൊലീസിന്റെയും ഇടപെടലിലൂടെ രാത്രി വൈകിയാണ് അവസാനിച്ചത്. രാത്രി ഒൻപതരയോടെ ഒരു സംഘം സ്ഥലത്ത് നിർമാണത്തിലുള്ള ഗാന്ധി സ്തൂപം വീണ്ടും തകർക്കുന്ന സാഹചര്യവുമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി കോട്ട ഭദ്രമാക്കാനുള്ള ഒരുക്കങ്ങളാണ് സംഘർഷത്തിലൂടെ സി.പി.എം നടത്തുന്നതെന്നാണ് യു.ഡി.എഫ് ആരോപണം. എന്നാൽ തങ്ങളുടെ ലോക്കൽ കമ്മിറ്റി ഓഫിസിലടക്കം കോൺഗ്രസ് അക്രമം നടത്തിയെന്ന് സി.പി.എമ്മിന്റെ വാദം. കൊളന്ത, അടൂർ, അടുവാപുറം നോർത്ത്, അടുവാപുറം സൗത്ത്, കരിമ്പീൽ, തലക്കോട് ഈസ്റ്റ്, തലക്കോട് വെസ്റ്റ്, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, മലപ്പട്ടം സെന്റർ, പൂക്കണ്ടം, കൊവുന്തല എന്നിങ്ങനെ മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ ആകെയുള്ളത് 13 വാർഡുകളാണ്. മലപ്പട്ടത്ത് ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ലാണ്. അളവൂർ കൃഷ്ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്ദു വൈസ് പ്രസിഡന്റുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ്. ആരെങ്കിലും സി.പി.എമ്മിനെതിരെ മത്സരിക്കാൻ പത്രിക നൽകിയാൽ ദിവസങ്ങൾക്കകം അത് പിൻവലിക്കേണ്ടി വന്നിരുന്ന അവസ്ഥയുണ്ടായിരുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം മലപ്പട്ടത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു ജനാധിപത്യ സംരക്ഷണ ജാഥ നടന്നിരുന്നു. എങ്കിലും സി.പി.എമ്മിന്റെ അപ്രമാദിത്വത്തെ ചെറുക്കാൻ കോൺഗ്രസിനായില്ല. എന്നാൽ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പട്ടത്തെ രണ്ടാം വാർഡായ അടൂരിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് ജയിച്ചതോടെ സി.പി.എമ്മിനെ ഞെട്ടിക്കാൻ കോൺഗ്രസിനായി.

ചോരക്കളി വെല്ലുവിളികൾ ചോരവീഴ്ത്തുന്നതിലേക്ക് നയിച്ച ചരിത്രമാണ് കണ്ണൂർ രാഷ്ട്രീയത്തിന്റേത്. കഴിഞ്ഞ 50 വർഷത്തിനിടെ രാഷ്ട്രീയ പകയുടെ പേരിൽ കണ്ണൂർ ജില്ലയിൽ മാത്രം ജീവനറ്റത് ഇരുന്നൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവർത്തകരുടേതാണ്. ഇനിയൊരിക്കലും അങ്ങനെ ഉണ്ടാകരുതെന്ന പ്രാർത്ഥന മാത്രമാണ് ഇവിടുത്തുകാർക്കുള്ളത്. 1970-80 കാലഘട്ടത്തിൽ കെ. സുധാകരൻ ശക്തി പ്രാപിച്ചപ്പോൾ സി.പി.എം. കോൺഗ്രസ് സംഘർഷങ്ങൾക്ക് കണ്ണൂർ സാക്ഷ്യം വഹിച്ചു. തൊണ്ണൂറുകളിൽ കോൺഗ്രസിന്റെ സ്ഥാനത്തേക്ക് ആർ.എസ്.എസ്. എത്തിയതോടെ ചോരയ്ക്ക് ചോര എന്ന നിലപാടിലേക്ക് ഇരുപക്ഷവും നീങ്ങി. തുടർന്ന് തുടർച്ചയായി സി.പി.എം. ആർ.എസ്.എസ്. ബി.ജെ.പി. സംഘർഷങ്ങളുണ്ടായി. കൊലപാതകങ്ങൾ ഇല്ലാതിരുന്ന കാലത്തും കണ്ണൂർ അശാന്തമായിരുന്നു. ഈ സമയങ്ങളിൽ ആയുധ സംഭരണത്തിനാണ് ശ്രദ്ധ കൊടുക്കുക. ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും ബോംബ് പൊട്ടുന്നത് തുടർ വാർത്തകളാകുന്നു.