അല്ലു- അറ്റ്‌ലി ചിത്രത്തിൽ 5 നായികമാർ

Saturday 24 May 2025 6:00 AM IST

അല്ലു അർജൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ 5 നായികമാർ. ദീപിക പദുകോൺ, മൃണാൾ താക്കൂർ, ജാൻവി കപൂർ എന്നിവരാണ് മൂന്നുനായികമാർ. മറ്റു രണ്ട് നായികമാരിൽ ഒരാൾ ഭാഗ്യശ്രീ ബോർ സെ ആയിരിക്കും. ഒരു നായികയെ ഉടൻ തീരുമാനിക്കും എന്നാണ് വിവരം.അതേസമയംചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഹൈദരാബാദിൽ ആരംഭിച്ചു .

അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നത്. സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് . വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാർ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം നൽകുന്നു. അറ്റ്ലി ഇതുവരെ ചെയ്ത ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായും അല്ലു എത്തുന്നു. മൂന്നു വേഷത്തിൽ അല്ലു അർജുൻ എത്തുന്നുണ്ട്. രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ് , പുഷ്പ 2 ന്റെ ഗംഭീര വിജയത്തിനുശേഷം അല്ലു അർജുൻ അഭിനയിക്കുന്ന സിനിമയാണ്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.