'ഞങ്ങളെ വിശ്വസിക്കൂ' കാന്താര ഒക്ടോബർ 2ന് തന്നെ
ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും നിറഞ്ഞാടിയ കാന്താരയുടെ പ്രീക്വൽ കാന്താര ചാപ്ടർ 1 ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യും. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം വന്നതിൽ വ്യക്തതവരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ''ഞങ്ങൾ ശരിയായ പാതയിലാണ്. എല്ലാം തീരുമാനിച്ചതുപോലെതന്നെ മുന്നോട്ടു പോകുന്നുണ്ട്. കാന്താര ചാപ്ടർ 1 ഒക്ടോബർ 2ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഞങ്ങളെ വിശ്വസിക്കൂ. അതിനായി കാത്തിരിക്കൂ." അണിയറപ്രവർത്തകർ വ്യക്തമാക്കി.
കാന്താര ആദ്യഭാഗത്തുനിന്ന് വ്യത്യസ്തമായി വലിയ ക്യാൻവാസിലും മാസ് ആക്‌ഷൻ രംഗങ്ങളാലും കോർത്തിണക്കിയാണ് കാന്താര ചാപ്ടർ1 എത്തുക.500 ഫൈറ്റർമാർ അണിനിരക്കുന്ന ബ്രഹ്മാണ്ഡ യുദ്ധരംഗം ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാലോകം ഇതുവരെ കാണാത്ത തരം യുദ്ധരംഗമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ . 2022 സെപ്തംബർ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. 16 കോടിയായിരുന്നു ബഡ്‌ജറ്റ്. 125 കോടിയാണ് പ്രീക്വലിന്റെ നിർമ്മാണചെലവ്. ഹോം ബാലെ ഫിലിംസ് ആണ് നിർമ്മാണം.