നന്ദിയോട് തെരുനായ ശല്യം രൂക്ഷമാകുന്നു ഒരാഴ്ചക്കിടെ കടിയേറ്റത് 109 പേർക്ക്

Saturday 24 May 2025 1:23 AM IST

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി കഴിഞ്ഞ ഒരാഴ്ചക്കിടെ തെരുവുനായയുടെ കടിയേറ്റത് 109 പേർക്ക്. ആലംപാറ,കുറുന്താളി,പാലോട്,നന്ദിയോട് സ്റ്റേഡിയം എന്നിവിടങ്ങളിൽ കടിച്ച പട്ടികൾക്ക് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ പേ പിടിച്ച നായ്ക്കൾ അനേകം തെരുവുനായ്ക്കളെ കടിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിഞ്ഞു നടന്ന നായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകിയെങ്കിലും വാക്സിനേഷൻ നൽകാത്ത പട്ടികൾ തെരുവുകളിൽ ധാരാളം ഉണ്ടെന്നതാണ് ഭീതി പടർത്തുന്നത്. തെരുവുനായ ശല്യം രൂക്ഷമായിരുന്നെങ്കിലും നായ്ക്കൾ അക്രമകാരികളായിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് നായ്ക്കൾ പൊതുജനങ്ങളെ ആക്രമിക്കുന്ന നിലയിലേക്കെത്തിയത്.

തെരുവുനായ്ക്കൾക്ക് നൽകിയ വാക്സിനേഷൻ ഫലപ്രദമാകാൻ സാദ്ധ്യത കുറവെന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഒരു നായ്ക്ക് 5 ഡോസ് മരുന്നെങ്കിലും നൽകിയാൽ മാത്രമേ ഫലപ്രദമാകൂ. എന്നാൽ തെരുവുകളിൽ നിന്ന് പിടികൂടുന്ന നായ്ക്കൾക്ക് ഒരു ഡോസ് മരുന്ന് നൽകി വിടുകയാണ് സാധാരണയായി ചെയ്യാറുള്ളത്. ഇത് ഉപയോഗപ്രദമാകാനുള്ള സാദ്ധ്യത വളരെ കുറവാണ്.

ഏക പോംവഴി... തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഒരുക്കുകയാണ് ഏക പോംവഴി. ഇവയെ പിടികൂടി ഷെൽട്ടറിലെത്തിച്ച് വാക്സിനേഷൻ നൽകി സംരക്ഷിക്കുകയല്ലാതെ മറ്രൊരു സാദ്ധ്യതയുമില്ല.

നന്ദിയോട്ടെ ഒരു പ്രധാന ആരാധനാലയ പരിസരത്ത് തമ്പടിച്ചിരിക്കുന്നത് അൻപതിലധികം നായ്ക്കളാണ്. ഇവയിൽ പലതും രോഗബാധിതരാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ക്യാമറകൾ പ്രവർത്തനസജ്ജം

മാലിന്യം തള്ളുന്നവരെയും സാമൂഹ്യ വിരുദ്ധരെയും കണ്ടെത്തുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകൾ നോക്കുകുത്തികളണ്. ഫാമുകളിലെ വേസ്റ്റുകളുൾപ്പെടെ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ്. ഇവ വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. പാലോട് ആശുപത്രി പരിസരത്തും ഇവയുടെ ശല്യം രൂക്ഷമാണ്.

ഷെൽറ്റർ പ്രഖ്യാപനത്തിൽ ഒതുങ്ങി

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. പ്രഖ്യാപനം നടന്ന് മാസങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്കായിട്ടില്ല. ഓരോ പഞ്ചായത്തും നിശ്ചിത തുക ഈ പദ്ധതിയിലേക്കായി നൽകണമെന്ന നിർദേശം സർക്കാർ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പഞ്ചായത്തുകളിലെ തെരുവുനായ്ക്കളുടെ എണ്ണം എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടും നടപടിക്രമങ്ങൾ പാലിക്കാതെ ഇരുന്നൂറോളം നായ്ക്കളുണ്ടെന്ന കണക്കാണ് പല പഞ്ചായത്തും നൽകിയത്.

തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഒരുക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നായയുടെ കടിയേറ്റ് ചികിത്സയിലുള്ള പലരും നിർദ്ധനരാണ്.കൂടാതെ കടിച്ച നായ്ക്കൾക്ക് പേവിഷബാധയുണ്ടായിരുന്നുവെന്നത് ഭീതിയുണർത്തുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും

അരുൺ, പഞ്ചായത്ത് പ്രതിപക്ഷ

നേതാവ് നന്ദിയോട്