ഹെൽമെറ്റില്ല; എം.എൽ.എയ്ക്കും കിട്ടി 1000 രൂപ പിഴ

Saturday 24 May 2025 1:19 AM IST

നാഗർകോവിൽ: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച എം.എൽ.എ താരകൈ കാട്പട്ടിന് 1000 രൂപയുടെ പിഴ നൽകി കന്യാകുമാരി പൊലീസ്. വിളവങ്കോട് നിയോജക മണ്ഡലം എം.എൽ.എയ്ക്കാണ് പളുകൽ പൊലീസിന്റെ പിഴ. മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് പളുകൽ മുതൽ കുഴിത്തുറ വരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലിയിലാണ് എം.എൽ.എ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചത്. കൂടാതെ സാധാരണക്കാരുടെ വാഹനങ്ങൾ പോകുന്നതിന് തടസമുണ്ടാക്കിയതിന് റാലിയിൽ പങ്കെടുത്ത 11 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.