മൂന്നു വയസുകാരനെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിനതടവ്

Saturday 24 May 2025 1:28 AM IST

പറവൂർ: മൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പറവൂർ നന്ത്യാട്ടുകുന്നം കീഴോത്തുപറമ്പ് കോളനിയിൽ അഖിൽ കൃഷ്ണന് (20) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി 40 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ഒടുക്കാതിരുന്നാൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നൽകണം. 2023 ഫെബ്രുവരി 21ന് വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂർ പൊലീസ് സ്റ്റേഷനിൽ മാതാവ് കുട്ടിയുമായി നേരിട്ട് ഹാജരായി മൊഴി നൽകി. കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും 7 തൊണ്ടി മുതലുകളും ഹാജരാക്കി. പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസാണ് അന്വേഷണം നടത്തി കുറ്രപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.‌