വെള്ളൂരിനും പുതിയങ്കാവിനും ഇടയിൽ ദേശീയ പാതയിൽ വിള്ളൽ

Saturday 24 May 2025 12:17 AM IST
നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ വെള്ളൂരിനും പുതിയങ്കാവിനും ഇടയിൽ രൂപപ്പെട്ട വിള്ളൽ

പയ്യന്നൂർ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും തകർച്ചയും മണ്ണൊലിപ്പും മറ്റും സംഭവിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ, നിർമ്മാണത്തിലിരിക്കുന്ന ആറുവരി പാതയിൽ വെള്ളൂർ കോത്തായിമുക്കിനും പുതിയങ്കാവിനും സമീപം വിള്ളൽ രൂപപ്പെട്ടു.

നിർമ്മാണം ഏകദേശം പൂർത്തിയായി ടാർ ചെയ്ത പാതയിൽ ഇരുപത് മീറ്ററോളം നീളത്തിൽ വിള്ളൽ കാണപ്പെട്ടതോടെ പരിസരവാസികൾ ആശങ്കയിലായി. ഭൂനിരപ്പിൽ നിന്നും മീറ്ററുകളോളം മണ്ണിട്ടുയർത്തി നിർമ്മിച്ച റോഡിലാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കിവച്ചിട്ടുണ്ട്.

ഈ സ്പാനുകളുടെ ഭാരം താങ്ങാനുള്ള ശേഷി പോലും ഈ ഭാഗത്തെ പുതിയ റോഡിനില്ലെന്നാണ് വ്യക്തമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ടാറിംഗ് പൂർത്തിയായ ഭാഗത്താണ് റോഡിനു നെടുകെ വിള്ളലുണ്ടായിട്ടുള്ളത്. അട്ടി വച്ച സ്പാനുകളുടെ ഭാരം താങ്ങാനാകാതെ സൈഡ് വാളിനോട് ചേർന്ന് ടാറിംഗ് ഉൾപ്പെടെ കുഴിഞ്ഞു താണിട്ടുണ്ട്. ഇതോടെ റോഡിന് താഴെയുളള സർവീസ് റോഡും സമീപത്തെ വീടും അപകട ഭീഷണിയിലാണ്.