കരാറുകാരുടെ സമരത്തിൽ കാലിയായി റേഷൻ കടകൾ

Saturday 24 May 2025 2:56 AM IST

ആലപ്പുഴ: മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നുതുടങ്ങി. ഭക്ഷ്യവകുപ്പിൽ നിന്ന് പണം കുടിശികയായതോടെ സപ്ലൈകോ ഗതാഗത കരാറുകാർ സമരം ആരംഭിച്ചതാണ് കാരണം. അമ്പലപ്പുഴ താലൂക്കിലാണ് കൂടുതൽ പ്രശ്നം.

200 കടകൾ ഉള്ളതിൽ 150 കടകളിലും സാധനം തീർന്നുതുടങ്ങി. രണ്ടുദിവസത്തിനുള്ളിൽ വിതരണം അവസാനിക്കും. ബാക്കിയുള്ള കടകളിലും ഉടൻ സ്റ്റോക്ക് തീരുന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു. സാധാരണ വാതിൽപ്പടി വിതരണം ആരംഭിക്കുന്നതിന് മുമ്പാണ് കരാറുകാർ സമരം ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ വിതരണം നടക്കുന്നതിനിടെ സമരം പ്രഖ്യാപിച്ചു. രണ്ടുഘട്ടമായാണ് കരാറുകാർ വാതിൽപ്പടി സേവനം നടത്തുന്നത്. ആദ്യഘട്ടം മാസം ആരംഭിക്കുമ്പോഴും രണ്ടാംഘട്ടം 20ന് ശേഷവും. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ആദ്യഘട്ട വിതരണം പൂർത്തിയായ ശേഷമാണ് കരാറുകാർ സമരം ആരംഭിച്ചത്.

കരാറുകാരുടെ രണ്ടുമാസത്തെ കുടിശിക ഉടൻ തന്നെ നൽകുമെന്ന സൂചനയുണ്ട്. മാസാവസാനം ആകുമ്പോഴാണ് റേഷൻ വാങ്ങാൻ ആളുകൾ കൂടുതലെത്തുന്നത്. നു.

നൽകാനുള്ളത് നാലുമാസത്തെ കുടിശിക

കഴി‌ഞ്ഞ നാലുമാസത്തെ കുടിശിക ഇനത്തിൽ 60 കോടി രൂപയാണ് ഗതാഗത കരാറുകാർക്ക് നൽകാനുള്ളത്.

രണ്ട് ഘട്ടമായാണ് കാറുകാരുടെ തുക സപ്ലൈകോ നൽകുന്നത്. ബിൽ സമർപ്പിച്ചാൽ തുകയുടെ 90 ശതമാനം ആദ്യ ആഴ്ചയിൽ നൽകും

 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ 2024 ഏപ്രിൽ മുതൽ ഈ 10 ശതമാനം തുക നൽകിയിട്ടില്ല.

ഒരു താലൂക്കിൽ ലോഡ് ഇറക്കുന്നതിന് കരാറുകാർക്ക് ഏകദേശം 25 ലക്ഷം രൂപ നൽകണം. ജനുവരിയിലാണ് അവസാനമായി തുക നൽകിയത്

ഫെബ്രുവരി മുതൽ മേയ് വരെയുള്ള മുഴുവൻ തുകയും കുടിശികയാണ്. പലതവണ കും നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.

 കരാറുകാർക്ക് ലഭിക്കാനുള്ള തുക- 60 കോടി

 സംസ്ഥാനത്തെ കരാറുകാർ- 45

 ജില്ലയിലെ റേഷൻ കടകൾ- 1199

 റേഷൻ കാർഡുകൾ- 623716

 ഗുണഭോക്താക്കൾ- 2256443

യഥാ സമയം സ്റ്റോക്ക് ലഭിക്കാത്തത് മൂലം റേഷൻ മേഖല ബുദ്ധിമുട്ടുകയാണ്. ഭക്ഷ്യധാന്യ വാതിൽപ്പടി വിതരണം ഉടൻ ആരംഭിച്ചില്ലെങ്കിൽ തുടർ നടപടികൾ ആലോചിക്കും

- എൻ. ഷിജീർ,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ