സ്കൂളുകളുടെ ഫിറ്റ്നസ് 28ന് മുമ്പ് ഉറപ്പാക്കണം

Saturday 24 May 2025 12:58 AM IST

ആലപ്പുഴ:മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്കൂൾ ബസുകളുടെ ഫിറ്റ്നസ് എന്നിവ 28ന് മുമ്പ് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ അലക്സ് വർഗീസ് നിർദ്ദേശം നൽകി. മഴക്കാലമുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാലയങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുക, വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലയിലെ 394 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കാനും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. എം.സി.എഫ്, മിനി എം.സി.എഫുകളിൽ മാലിന്യങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഈ മാസം 31ന് മുമ്പായി ബന്ധപ്പെട്ട ഏജൻസികൾക്ക് ഇവ കൈമാറാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് മൈനർ ഇറിഗേഷൻ വിഭാഗത്തോടും തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിനോടും നിർദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പി.ഡബ്ല്യു.ഡി റോഡുകളുടെ വശങ്ങളിലുള്ള കാനകൾ അടിയന്തരമായി വൃത്തിയാക്കും. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.