ഭീകരതയ്‌ക്കെതിരായ നടപടികളിൽ ഒന്നിക്കാമെന്ന് റഷ്യ

Saturday 24 May 2025 12:43 AM IST

ന്യൂഡൽഹി: എല്ലാത്തരം ഭീകരതയെയും പരാജയപ്പെടുത്താനുള്ള ഇന്ത്യയുടെ നിരുപാധിക നടപടികൾക്ക് സർവ പിന്തുണയും നൽകുമെന്ന് റഷ്യ. ഭീകരത ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ദൃഢനിശ്ചയവും റഷ്യൻ പാർലമെന്റിൽ നടന്ന ചർച്ചകളിൽ ഊന്നിപ്പറഞ്ഞതായി സർവകക്ഷി സംഘത്തെ നയിക്കുന്ന ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു.

പ്രതിനിധി സംഘം സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സ് ചെയർമാൻ ലിയോണിഡ് സ്ലട്ട്‌സ്‌കി, ഫെഡറേഷൻ കൗൺസിൽ കമ്മിറ്റി ഓൺ ഫോറിൻ അഫയേഴ്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർ ആൻഡ്രി ഡെനിസോവ് തുടങ്ങിയവരുമായും എം.പിമാരുമായും ചർച്ചകൾ നടത്തി. ഇന്നലെ പുലർച്ചെയാണ് സംഘം റഷ്യയിലെത്തിയത്. അവിടെ നിന്ന് നേതാക്കൾ സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ രാജ്യങ്ങളും സന്ദർശിക്കും.

ഡ്രോൺ ആക്രമണം:

വിമാനം വൈകി

റഷ്യയ്‌ക്കെതിരെ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. ഇവരുടെ വിമാനം കുറച്ചു

നേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് 45 മിനിട്ട് വൈകി ലാൻഡ് ചെയ്‌തത്. ഡൊമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഇന്ത്യൻ അംബാസഡർ വിനയ് കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഘത്തെ സ്വീകരിച്ചു.അതേസമയം യു.എ.ഇയിൽ ശിവസേന എം.പി ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചു. ഇന്ത്യയ്ക്ക് യു.എ.ഇ നൽകുന്ന പിന്തുണയ്ക്ക് കാരണം ഇന്ത്യൻ പ്രവാസി സമൂഹമാണെന്ന് സംഘത്തിലെ ബൻസുരി സ്വരാജ് എംപി പറഞ്ഞു.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗയാന തലസ്ഥാനമായ ജോർജ് ടൗണിലേക്ക് തിരിക്കും. പനാമ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം യു.എസിലേക്ക് പോകും.