അനധികൃത കുടിയേറ്റം: 121 ബംഗ്ളാദേശികളെ നാടുകടത്തും

Saturday 24 May 2025 12:48 AM IST

ന്യൂഡൽഹി: മതിയായ രേഖകളില്ലാതെ ഡൽഹിയിൽ താമസിച്ച 121 ബംഗ്ലാദേശി പൗരന്മാരെ ഉടൻ നാടുകടത്തും. അനധികൃതമായി അതിർത്തി കടന്ന് ചെറിയ ജോലികൾ ചെയ്‌തുവരുന്നവരായിരുന്നു ഇവ‌ർ. അലിപൂർ, ബവാന, നരേല, സമയ്‌പൂർ ബാദ്‌ലി, സ്വരൂപ് നഗർ, ഭൽസ്വ ഡയറി, ഷഹ്ബാദ് ഡയറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ രവീന്ദ്ര സിംഗ് യാദവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സംഘം 831 പേരുടെ രേഖകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് മൂന്ന് വർഷമായി 121പേർ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയത്. പലർക്കും വ്യാജ ആധാർ, റേഷൻ കാർഡുകൾ അടക്കം രേഖകളും വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നു. ഇവരെ നാടുകടത്താൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) വഴി ഉത്തരവിട്ടിട്ടുണ്ട്.

ബംഗ്ലാദേശികൾക്ക് വാടക വീടുകൾ ഒരുക്കിയ അഞ്ച് ഇന്ത്യൻ പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. അനധികൃത കുടിയേറ്റക്കാർക്ക് വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും വൈദ്യുതി കണക്‌ഷനും എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചുവരുന്നു. വ്യാജ രേഖകൾ നിർമ്മിച്ച് വിദേശ പൗരന്മാർക്ക് വിതരണം ചെയ്യുന്ന റാക്കറ്റിനെ പൊളിക്കാനുള്ള നീക്കവും പൊലീസ് സമാന്തരമായി നടത്തുന്നുണ്ട്.