മഹാരാഷ്ട്രയിലും ഗോവയിലും കനത്ത മഴ മുന്നറിയിപ്പ്

Saturday 24 May 2025 12:55 AM IST

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനിടെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും കനത്ത മഴ മുന്നറിയിപ്പ്.

കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചു. കിഴക്കൻ- മദ്ധ്യ അറബിക്കടലിൽ കൊങ്കൺ, ഗോവ തീരങ്ങൾക്ക് സമീപം രൂപം കൊള്ളുന്ന ന്യൂനമർദ്ദത്താൽ മഹാരാഷ്ട്രയുടെയും ഗോവയുടെയും ചില ഭാഗങ്ങളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഡൽഹിയിൽ, ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഐ.എം.ഡി പ്രവചിച്ചു. വൈകിട്ടോ രാത്രിയിലോ പൊടിക്കാറ്റിനൊപ്പം മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. അതിനിടെ, കനത്ത മഴയിൽ ഡൽഹിയിലെയും ഉത്തർപ്രദേശിലേയും വിവിധ സ്ഥലങ്ങളിൽ മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതർ അറിയിച്ചു.

റെഡ് അലർട്ട്

നാളെ വരെ ഗോവയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. വ്യാഴാഴ്ച, വടക്കൻ ഗോവയിലെ പഞ്ചിമിൽ ഒമ്പത് സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഗോവ, കൊങ്കൺ, കർണാടക, കേരളം എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ തുടരും. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഗോവയുടെ ദുരന്ത നിവാരണ സംഘങ്ങൾ അതീവ ജാഗ്രതയിലാണ്. മുംബയ്, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മുംബയിൽ ഓറഞ്ച് അലർട്ടാണ്., കനത്ത മഴ, ഇടിമിന്നൽ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവ ഉണ്ടായേക്കാനും സാദ്ധ്യതയുണ്ട്. താനെ ജില്ലയിൽ, കനത്ത മഴയിൽ റോഡ് തകർന്നു. വലിയ കുഴികൾ രൂപപ്പെട്ടു. ഭിവണ്ടിവാഡ റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.