പാകിസ്ഥാന്റെ യഥാർത്ഥ മുഖം പുറത്തായി: അമിത് ഷാ
ന്യൂഡൽഹി:ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്റെ യഥാർത്ഥ മുഖമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വെളിപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാകിസ്ഥാന് ഇതുവരെ ഇത്രയും കനത്ത തിരിച്ചടി ഇന്ത്യയിൽ നിന്ന് നേരിട്ടിട്ടില്ലെന്നും ന്യൂഡൽഹിയിൽ ബി.എസ്.എഫിന്റെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർ പാകിസ്ഥാൻ ആണെന്ന് തെളിയിച്ചു. ഉന്നത പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ഭീകരരുടെ ശവപ്പെട്ടികൾ തോളിലേറ്റി നമസ്‌കരിച്ചപ്പോൾ ലോകം ആ സത്യം അറിഞ്ഞു.ഭീകരതയെ പിന്തുണച്ച പാകിസ്ഥാന് ഇത്രയും കനത്ത തിരിച്ചടി ഇതുവരെ ഇന്ത്യ നൽകിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി, ഇന്റലിജൻസ് വിവരങ്ങൾ,സേനയുടെ കഴിവുകൾ എന്നിവയാണ് 'ഓപ്പറേഷൻ സിന്ദൂർ' വിജയിപ്പിച്ചത്.ലോകത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും,ഇന്ത്യയുടേത് സവിശേഷമായിരുന്നു.പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്.പാകിസ്ഥാൻ സിവിലിയന്മാരെയും നമ്മുടെ വ്യോമതാവളങ്ങളും ലക്ഷ്യമിട്ടെങ്കിലും വ്യോമ പ്രതിരോധത്തിന് മുന്നിൽ പൊളിഞ്ഞു.