പാകിസ്താനെ എഫ്.എ.ടി.എഫ്  ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ

Saturday 24 May 2025 12:17 AM IST

ന്യൂഡൽഹി: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിനോട് (എഫ്.എ.ടി.എഫ് ) പാകിസ്താനെ 'ഗ്രേ ലിസ്റ്റിൽ' തിരികെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും ഉൾപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള തെളിവുകളടങ്ങിയ സമഗ്ര രേഖ എഫ്.എ.ടി.എഫിന് ഇന്ത്യ നൽകും.

2022ലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് എഫ്.എ.ടി.എഫ്. ഒഴിവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഇതോടെ സാമ്പത്തിക സഹായം ലഭിക്കാൻ വഴി തുറന്നിരുന്നു. വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്ന പക്ഷം വിദേശ നിക്ഷേപത്തിനും രാജ്യന്തര ഇടപ്പാടുകൾക്കും കടുത്ത തിരിച്ചടിയുണ്ടാകും.