സെൻട്രൽ ജയിലിലും വ്യാജ ബോംബ് ഭീഷണി

Saturday 24 May 2025 1:49 AM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലാണ് അജ്ഞാത ഫോൺകാൾ എത്തിയത്. 'പൂജപ്പുര സെൻട്രൽ ജയിലിൽ ആരോ ബോംബുവച്ചിട്ടുണ്ട്' എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ കൺട്രോൾറൂമിൽ വിവരമറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയോടെ പൊലീസ് സംഘം ജയിലിൽ പരിശോധന നടത്തി. ജയിൽ സെല്ലുകളും ജയിൽവളപ്പിലും അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഫോൺകാൾ വന്ന നമ്പരിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വഞ്ചിയൂർ കോടതി,വിമാനത്താവളം,വിഴിഞ്ഞം തുറമുഖം,ക്ലിഫ് ഹൗസ്,സെക്രട്ടേറിയറ്റ്,റെയിൽവേസ്‌റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭീഷണിയും വൻ പരിശോധനയും നടന്നിരുന്നു.