ശ്രീകാര്യത്ത് കേരള സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്റ്റാറുടെ വീട്ടിൽ കവർച്ച 15 പവനും 2 ലക്ഷം രൂപയും കവർന്നു

Saturday 24 May 2025 1:49 AM IST

ശ്രീകാര്യം: ശ്രീകാര്യത്തിനു സമീപം കരിയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവൻ ആഭരണങ്ങളും 2 ലക്ഷം രൂപയും കവർന്നു. ശ്രീകാര്യം കരിയം ആഞ്ജനേയത്തിൽ കേരള സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്റ്റാർ അനിൽകുമാറിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

നാല് ദിവസം മുമ്പ് അനിൽകുമാർ മലേഷ്യയിലേക്ക് പോയിരുന്നു.തുടർന്ന് അനിൽകുമാറിന്റെ ഭാര്യ ബീന ജി.നായർ വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നതിനാൽ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.30ഓടെ അനിൽകുമാർ തിരികെയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. വീട്ടിലെ മുഴുവൻ മുറികളുടെയും വാതിലുകളുടെ പൂട്ടുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശാേധനയിലാണ് പല മുറികളിലായി വിവിധയിടങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടമായ വിവരമറിയുന്നത്. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസും ഫോറൻസിക്,വിരലടയാള വിദഗ്ദ്ധരും,ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. സമീപത്തെ മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നതായും, മോഷണം നടന്ന വീടിന് സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കമ്പിപ്പാര നഷ്ടപ്പെട്ടതായും കണ്ടെത്തി. ഈ കമ്പിപ്പാര ഉപയോഗിച്ചായിരിക്കാം വാതിലുകൾ തകർത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.

ക്യാപ്ഷൻ : മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന ഫോറൻസിക് വിഭാഗം