'കസാവ'യുണ്ടേൽ കപ്പ പറിക്കൽ ഈസി
പേറ്റന്റ് നേടി ദമ്പതികൾ
കോട്ടയം: കല്ലറ കപിക്കാട് കുറ്റടിയിൽ ഡോ.ടോം തോമസും ഭാര്യ ഷൈല ടോമും നിർമ്മിച്ചെടുത്ത'കസാവ' കൊണ്ട് ഉടയാതെ മുറിയാതെ കപ്പ പറിക്കാം. കുട്ടികൾക്കും പ്രായമായവർക്കും നിസാരമായി ഉപയോഗിക്കാം. പണിക്കൂലിയും ലാഭിക്കാം.
എട്ട് വർഷം മുൻപ് ടോമിന് കൈ മസിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ കപ്പ പറിക്കൽ പ്രതിസന്ധിയിലായപ്പോഴാണ് പുതിയ ആശയം മനസിലുദിച്ചത്.
ഷൈലയാണ് മെഷീൻ രൂപകല്പന ചെയ്തത്. സ്റ്റീലിൽ, ഇളക്കിമാറ്റാനും യോജിപ്പിക്കാനും കഴിയുന്ന വിധത്തിൽ വെൽഡറുടെ സഹായത്തോടെയാണ് യന്ത്രം നിർമ്മിച്ചിരിക്കുന്നത്. 5000 രൂപയ്ക്കാണ് വില്പന.പേറ്റന്റുള്ള യന്ത്രം ഇപ്പോൾ 12 എണ്ണം വിറ്റു.
എറണാകുളം ജി.ആൻഡ് എം ട്രാൻസ്‌പോർട്ടിലെ മാനേജർ ജോലിവിട്ടാണ് ടോമും ഷൈലയും കർഷകരായത്.തളർന്നുവീണ പശുക്കളെ ഉയർത്തുന്നതിന് നിർമ്മിച്ച ആനിമൽ കരിയറിന് കൊളംബോ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസിൻ ഡോക്ടറേറ്റും ടോമിന് ലഭിച്ചു.ഗുജറാത്തിലെ നാഷണൽ ഇനവേഷൻ ഫൗണ്ടേഷൻ അംഗീകാരം,തിരുവനന്തപുരത്തെ റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിംഗ് സെന്റർ സർട്ടിഫിക്കറ്റ് എന്നിവയും നേടിയിട്ടുണ്ട്.ടെസി,ടോജൻ,എബി എന്നിവരാണ് മക്കൾ.ടോണി,ചിഞ്ചു എന്നിവർ മരുമക്കളും.
പ്രവർത്തനം ഇങ്ങനെ
കപ്പയുടെ തണ്ടുകൾ വെട്ടിമാറ്റി,ചുവട്ടിൽ യന്ത്രത്തിന്റെ കൊളുത്തിട്ട് ഉടക്കും.ശേഷം ഹാൻഡിൽ ഉപയോഗിച്ച് കറക്കുന്നതോടെ, മണ്ണിനൊപ്പം കിഴങ്ങും ഉയർന്നുവരും. യന്ത്രത്തിൽ വച്ചുതന്നെ കിഴങ്ങുകൾ വെട്ടിമാറ്റാം. മെഷീൻ എടുത്ത് നടക്കാനും എളുപ്പമാണ്.