ബംഗ്ലാദേശ്: നീളുന്ന തിരഞ്ഞെടുപ്പ്, ഉയരുന്ന അസ്ഥിരത

Saturday 24 May 2025 7:11 AM IST

തിരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശ്യമില്ലേ എന്നാണ് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനോട് രാജ്യത്തെ സൈന്യവും ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അടക്കം പ്രബലരായ രാഷ്ട്രീയ കക്ഷികളും ചോദിക്കുന്നത്. 2026 ജൂണിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന യൂനുസിന്റെ ഉറപ്പ് ഇവർ അംഗീകരിക്കുന്നില്ല.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അവരുടെ ശക്തമായ അവാമി ലീഗ് പാർട്ടിയുടെയും പതനം മുതലാക്കാനാണ് മുൻ പ്രധാനമന്ത്റി ഖാലിദ സിയയുടെ ബി.എൻ.പി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നും ഉടൻ തിരഞ്ഞെടുപ്പുണ്ടായാൽ അധികാരത്തിലേറാമെന്നും ബി.എൻ.പി കണക്കുകൂട്ടുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് ഇനിയും നീട്ടുന്നത് പട്ടാള അട്ടിമറിയ്ക്ക് സാദ്ധ്യത കൂട്ടുന്നു. നിലവിൽ സൈനിക മേധാവി ജനറൽ വാക്കർ-ഉസ്-സമന്, യൂനുസ് ഭരണത്തോട് വിയോജിപ്പുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടത്താനും സമാധാനപരമായി അധികാരം കൈമാറാനുള്ള താത്കാലിക ഭരണ സംവിധാനമെന്ന നിലയിലാണ് ഇടക്കാല സർക്കാരിനെ (അഡ്വൈസറി കൗൺസിൽ) പ്രസിഡന്റ് നിയമിച്ചത്.

എന്നാൽ അധികാര പരിധിക്കപ്പുറമുള്ള ഇടപെടലുകൾ യൂനുസ് നടത്തുന്നതിനോട് സൈന്യം യോജിക്കുന്നില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തേക്ക് സഹായം എത്തിക്കാൻ സർക്കാരിന്റെ ആലോചനയിലുള്ള മാനുഷിക ഇടനാഴി പദ്ധതി ഉദാഹരണം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പദ്ധതിയെ തള്ളിയ വാക്കർ, 'ബ്ലഡി കോറിഡോർ" എന്ന് പരസ്യമായി വിശേഷിപ്പിച്ചു. പരമാധികാരത്തെ വിട്ടുവീഴ്ച ചെയ്യുന്ന ഒന്നിലും സൈന്യം ഏർപ്പെടില്ലെന്നും ആരെയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂനുസ് വിദേശ ശക്തികളുടെ പാവയായി മാറുന്നെന്നും സൈന്യം കണക്കാക്കുന്നു. ഹസീനയുടെ ബന്ധുവായ വാക്കറിനോട് യൂനുസിനും താത്പര്യമില്ല. അദ്ദേഹത്തെ അട്ടിമറിക്കാൻ യൂനുസ് സർക്കാർ ശ്രമം നടത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്. വാക്കറുടെ എതിരാളിയും ഇന്ത്യാ വിരുദ്ധനുമായ ലെഫ്. ജനറൽ ഫൈസുർ റഹ്മാന്, യൂനുസ് പിന്തുണ അറിയിച്ചിരുന്നു. ഫൈസുർ അടുത്തിടെ ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് സുരക്ഷാ ഉപദേഷ്ടാവും ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവിയുമായ അസീം മാലിക്കുമായും ഇയാൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. വാക്കറെ സേനാ മേധാവി സ്ഥാനത്ത് നിന്ന് നീക്കി ഫൈസുറിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഖലീലുർ റഹ്മാന് പദ്ധതിയുണ്ടെന്ന് കേൾക്കുന്നു. ഇത് മുന്നിൽ കണ്ട് വാക്കറും നീക്കം തുടങ്ങിയിട്ടുണ്ട്. ഡിസംബറിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് വാക്കറിന്റെ അന്ത്യശാസനം.