മകളെ അതിക്രൂരമായി മർദ്ദിച്ച പിതാവ് പൊലീസ് കസ്റ്റഡിയിൽ; ഇടപെട്ട് ബാലാവകാശ കമ്മിഷൻ

Saturday 24 May 2025 9:59 AM IST

കണ്ണൂർ: മകളെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിലാണ് സംഭവം. കാസർകോട് ചിറ്റാരിക്കൽ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ ചെറുപുഴ പൊലീസിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. പിതാവ് മക്കളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

മകളെ പിതാവ് ക്രൂരമായി മർദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.

എന്നാൽ മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവാരാനുള്ള പ്രാങ്ക് വീഡിയോയാണിതെന്നാണ് ജോസ് നൽകിയ വിശദീകരണം. ഇതേ തുടർന്നാണ് പൊലീസ് കേസെടുക്കൽ വൈകിപ്പിച്ചത്. എന്നാൽ ഇതൊരു പ്രാങ്ക് വീഡിയോയായി കരുതാൻ സാധിക്കില്ല. തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.