ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മരിച്ചത് കൊല്ലം സ്വദേശി

Saturday 24 May 2025 10:57 AM IST

കോഴിക്കോട്: ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഹാർബർ റോഡ് ജംഗ്‌ഷനിലെ ത്രീ സ്റ്റാർ ലോഡ്‌ജിൽ ഇന്ന് രാവിലെയാണ് സംഭവം. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂർ എസ്‌ഐ രവീന്ദ്രൻ സ്ഥലത്തെത്തിയിട്ടുണ്ട്.

മറ്റൊരു ലോഡ്‌ജിൽ താമസിച്ചിരുന്ന സോളമൻ ഇന്നലെ രാത്രിയാണ് ത്രീ സ്റ്റാർ ലോഡ്‌ജിൽ എത്തിയത്. ഒപ്പം ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ മുറിയിൽ നിന്നാണ് സോളമന്റെ മൃതദേഹം കണ്ടെത്തിയത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. പുറത്തേക്ക് രക്തം ഒഴുകുന്നത് കണ്ട് ലോഡ്‌ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ഇന്നലെ കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് സോളമൻ ഇറങ്ങിയതെന്നാണ് അവസാനമായി കണ്ട സുഹൃത്തുക്കൾ പറയുന്നത്. അനീഷ് ഇന്നലെ രാത്രി തന്നെ ലോഡ്‌ജിൽ നിന്നും കൊല്ലത്തേക്ക് പോയെന്ന് ലോഡ്‌ജ് ഉടമയുടെ മകൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.