'എന്ത് ചെയ്യണമെന്ന് അറിയാത്ത സമയത്ത് ഗ‌ർഭിണിയായി, ഇപ്പോൾ എന്റെ ജീവിതം പഴയതുപോലെ അല്ല'; അമല പോൾ

Saturday 24 May 2025 11:26 AM IST

മലയാള സിനിമയിലൂടെയാണ് അമലപോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത സമയത്താണ് താൻ ഗർഭിണിയായതെന്ന് അമല പോൾ. പക്ഷേ ആ അനുഭവം തനിക്ക് ഒരു ദിശാബോധം നൽകുകയും ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തുവെന്ന് അമല വ്യക്തമാക്കി.

'ആ പഴയ ഞാൻ എവിടേക്കാണ് പോയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എനിക്ക് അത് ഏറെ ഇഷ്ടപ്പെട്ടു. ഗോവയിൽ വച്ചാണ് ഞാനും ജഗദും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു ജഗദിന്റെ താമസം. തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ഒരു പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ആദ്യം ആൾക്ക് കൊടുത്തത്. പിന്നീട് ഗർഭിണിയായി. വൈകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗദ് എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്', അമല പോൾ പറഞ്ഞു.

2023ൽ ആയിരുന്നു ജഗദും അമലയുമായുള്ള വിവാഹം. അതേസമയം, 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര ആണ് അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമാണ് അവതരിപ്പിച്ചത്. 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈന ആണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ വിജയമാകുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ലെവൽ ക്രോസ് ആണ് അമല പോൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.