എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സഹപാഠികൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

Saturday 24 May 2025 11:30 AM IST

മുംബയ്: എംബിബിഎസ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സഹപാഠികൾ ഉൾപ്പടെ മൂന്ന് പേർ അറസ്​റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. 22കാരിക്ക് നിർബന്ധിച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിനുശേഷമായിരുന്നു പീഡനം. പൂനെ, സോലാപൂർ,സാംഗ്ലി സ്വദേശികളാണ് പൊലീസ് പിടിയിലായത്. പ്രതികൾ 20നും 22നും ഇടയിൽ പ്രായമുളളവരാണ്. ഇവരെ മേയ് 27 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി പത്ത് മണിയോടെ തീയേ​റ്ററിൽ സിനിമ കാണാൻ പോയതായിരുന്നു യുവതി. ഇതിനിടയിൽ പ്രതികളിലൊരാൾ യുവതിയെ നിർബന്ധിച്ച് ഫ്ളാ​റ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് യുവതിക്ക് അമിത അളവിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിനുശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

കർണാടകയിലെ ബെലഗാവി സ്വദേശിയാണ് യുവതി. മനോവിഷമത്തിലായിരുന്ന യുവതിയോട് രക്ഷിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതോടെയാണ് വിശ്രാംബാഗ് പൊലീസിൽ പരാതി നൽകിയത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പടെയുളള കു​റ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.