'ലിവിംഗ് ടുഗദറിൽ ആയിരുന്നപ്പോൾ ഏറെ ബുദ്ധിമുട്ടി'; തുടക്കമിട്ടതിൽ അഭിമാനമുണ്ടെന്ന് അഭയ ഹിരൺമയി

Saturday 24 May 2025 11:43 AM IST

ലിവിംഗ് ടുഗദർ ജീവിതത്തെക്കുറിച്ച് മനസുതുറന്ന് ഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി. പതിനാല് വർഷത്തോളം മലയാളത്തിലെ സംഗീത സംവിധായകനുമായി പ്രണയത്തിലായിരുന്നു അഭയ. ഇരുവരും ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിരുന്നു. മൂന്നുവർഷം മുൻപ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിയുകയായിരുന്നു.

'പത്തുവർഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതിൽ സന്തോഷമുണ്ട്. പത്ത് വർഷം മുൻപ് ലിവിംഗ് ടുഗദർ റിലേഷനിലായിരുന്നപ്പോൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിന്റെ വാല്യു എനിക്കന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളൂ, എന്നാൽ എല്ലാവരെയും പോലെ ജീവിക്കുകയായിരുന്നു ഞാനും.

എന്നാൽ പത്ത് വർഷം കൊണ്ട് സമൂഹം ഏറെ ഡവലപ്പായി. ആളുകൾ എത്ര രസമായാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. ലിവിംഗ് ടുഗദർ അംഗീകരിക്കാൻ ഇപ്പോഴത്തെ മാതാപിതാക്കളും തയ്യാറാണ്. നിങ്ങൾ കല്യാണം കഴിക്കേണ്ട, കുറച്ചുകാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാൻ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെ ആണെന്ന് തോന്നിയാൽ മാത്രം തുടർന്നും ജീവിക്കാൻ ഇന്നത്തെ മാതാപിതാക്കൾ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതൊരു വലിയ അച്ചീവ്‌മെന്റല്ലേ?

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ലിവിംഗ് ടുഗദറിലേയ്ക്ക് വിചാരിച്ചുകൊണ്ട് വന്നതല്ല. എല്ലാം സംഭവിച്ച് പോയതാണ്. എന്നാൽ ഞാൻ തുടക്കക്കാരിയായല്ലോ എന്നതിൽ അഭിമാനമുണ്ട്'- അഭയ ഹിരൺമയി പറഞ്ഞു.